ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും ; അഭിനന്ദിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ച ശേഷമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ചുമതലയേല്‍ക്കുക.

പ്രധാനമന്ത്രിപദവിയില്‍ നിന്നും രാജിവച്ചൊഴിഞ്ഞ ലിസ് ട്രസ്സും ഇന്ന് രാവിലെ ചാള്‍സ് രാജാവിനെ സന്ദര്‍ശിക്കും. രാവിലെ ലിസ്സ് ട്രസ്സിന്റെ വിടവാങ്ങള്‍ പ്രസംഗവും ഉണ്ടാവും. സ്ഥാനമേറ്റെടുത്ത ശേഷം ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്യാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാവും.

നേരത്തെ എംപി മാരുടെ പിന്തുണ ഉറപ്പിക്കാനാവാത്ത സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും, ഹൌസ് ഓഫ് കോമ്മണ്‍സ് നേതാവ് പെനി മോര്‍ഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പിന്തുണയുള്ള ഋഷി സുനക് പ്രധാനമന്ത്രിപദം ഉറപ്പിച്ചത്. ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞ ശേഷം പകരം പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനായി സെപ്തംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഋഷി സുനകിനെ പിന്നിലാക്കി ലിസ്സ് ട്രസ്സായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ലിസ് ട്രസ്സ് രാജിവച്ചതോടെ ഋഷി സുനകിന് തന്നെ വീണ്ടും അവസരമൊരുങ്ങുകയായിരുന്നു.

പ്രധാനമന്ത്രിപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിനെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭിനന്ദിച്ചു. അന്താരാഷ്ട്ര തലത്തിലടമക്കമുള്ള വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നതായും മീഹോള്‍ മാര്‍ട്ടിന്‍ ട്വീറ്റ് ചെയ്തു. ഉപപ്രധാനമന്ത്രി ലിയോ വരദ്കറും ഋഷി സുനകിനെ അഭിനന്ദനമറിയിച്ചു.

Share this news

Leave a Reply

%d bloggers like this: