ജാഗ്രത !! മോഷ്ടാക്കൾ പതിയിരിപ്പുണ്ട് ; സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദ്ദേശവുമായി ഗാർഡ

അയര്‍ലന്‍ഡില്‍ ശൈത്യകാലത്തെ ദൈര്‍ഘ്യമേറിയ സായാഹ്നങ്ങളില്‍ മോഷ്ടാക്കളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായി വീട്ടുടമസ്ഥര്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ്. വൈകുന്നേരം 5 മണിക്കും രാത്രി 11 മണിക്കും ഇ‌ടയിലുള്ള സമയങ്ങളിലാണ് ഭുരിഭാഗം മോഷണങ്ങളും നടക്കുന്നതെന്നും, 20 ശതമാനം മോഷണങ്ങളും നടക്കുന്നത് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്ത വീടുകളിലാണെന്നും ഗാര്‍‍ഡ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. വീടുകളുടെ മുന്‍വാതിലുകളിലൂടെ ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറി മോഷണം നടത്തുന്ന രീതിയാണ് കുടുതലായും കണ്ടുവരുന്നത്.

ലളിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ മോഷണങ്ങള്‍ തടയാവുന്നതാണെന്ന് ഗാര്‍ഡയുടെ നാഷണല്‍ ക്രൈം പ്രിവന്‍ഷന്‍ യൂണിറ്റ് Sergeant Graham Kavanagh പറഞ്ഞു. വെളിച്ചമുള്ള ഇടങ്ങളിലേക്ക് മോഷ്ടാക്കള്‍ അതിക്രമിച്ചുകയറാന്‍ സാധ്യതയില്ലെന്നും, അതിനാല്‍ ഇരുട്ടുള്ള സമയങ്ങളില്‍ വീടുകളില്‍ ലൈറ്റുകള്‍ തെളിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനായി Lock Up Light Up എന്ന പേരില്‍ പ്രത്യേക ക്യാംപെയിനും ഗാര്‍ഡ ആരംഭിച്ചിട്ടുണ്ട്. ചിലര്‍ ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് ലൈറ്റുകള്‍ തെളിക്കാറില്ലെന്നും, എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ കാര്യക്ഷമവും, ചിലവുകുറഞ്ഞതുമായ LED ലൈറ്റുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളുടെ വാതിലുകളും, ജനാലകളും അടച്ചുപൂട്ടി എന്ന് ഉറപ്പു വരുത്തുക, ഹൗസ് അലാം പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക എന്നീ നിര്‍ദ്ദേശങ്ങളും ഗാര്‍ഡ പുറപ്പെടുവിച്ചിട്ടുണ്ട്. ആഭരണങ്ങള്‍, പണം, കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയിലാണ് മോഷ്ടാക്കളുടെ പ്രധാനശ്രദ്ധയെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

ഗാര്‍ഡ ഉദ്യോഗസ്ഥാരാണെന്ന വ്യാജേന വീടുകളില്‍ പരിശോധന നടത്താനായി മോഷ്ടാക്കളെത്തുന്ന രീതിയുണ്ടെന്നും, ഇത്തരം രീതികളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശം നല്‍കി തിരിച്ചറിയല്‍ രേഖകളില്ലാതെ ഗാര്‍ഡ ഇത്തരം പരിശോധനകള്‍ നടത്തില്ലെന്നും ഗാര്‍ഡ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: