ഉക്രൈൻ അഭയാർത്ഥികൾക്കായുള്ള 200 മോഡുലർ ഹോമുകൾ ഈസ്റ്ററിന് മുൻപ് കൈമാറും ; പാർപ്പിടം ലഭിക്കുക 800 ഓളം പേർക്ക്

ഉക്രൈന്‍ അഭയാര്‍ഥികള്‍ക്കായി പണികഴിപ്പിക്കുന്ന മോഡുലര്‍ വീടുകളില്‍ 200 എണ്ണം ഈസ്റ്ററിന് മുന്‍പ് കൈമാറുമെന്ന് ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ Roderic O’Gorman. 800 ഓളം അഭയാര്‍ഥികളെ ഇവിടങ്ങളില്‍ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക.

അഭയാര്‍ഥികള്‍ക്കായുള്ള 700 മോഡുലര്‍ വീടുകള്‍ ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ ആദ്യഘട്ടമായാണ് 200 വീടുകള്‍ ഈസ്റ്ററിന് മുന്‍പ് പൂര്‍ത്തിയാക്കുന്നത്. The Office of Public Works (OPW) നാണ് ഇതിനായുള്ള ചുമതല.

ആദ്യഘട്ടത്തില്‍ Cavan Town, Mahon (Co Cork), Thurles (Co Tipperary), Sligo ,Claremorris(Co Mayo) എന്നിവിടങ്ങളിലാണ് മോഡുലര്‍ ഹോമുകള്‍ നിര്‍മിക്കുന്നത്. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ഇരുനൂറ് വീടുകളും, മൂന്നാം ഘട്ടത്തില്‍ 300 വീടുകളും നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. John Sisk & Son Holdings എന്ന പ്രമുഖ കമ്പനിക്കാണ് ഭൂരിഭാഗം വീടുകളുടെയും നിര്‍മ്മാണ ചുമതല.

രാജ്യത്തേക്കുള്ള അഭയാര്‍ഥികളുടെ വരവ് മൂലം വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് നിലവില്‍ സര്‍ക്കാര്‍ നേരിടുന്നത് . അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിനായുള്ള ഹോട്ടലുകളുമായുള്ള കരാറുകള്‍ വരും മാസങ്ങളില്‍ അവസാനിക്കുകയും ചെയ്യും. മാത്രമല്ല ഡബ്ലിനിലെ സിറ്റിവെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബ് നിറഞ്ഞുകവിഞ്ഞതിനാല്‍ ഇവിടം തുടര്‍ച്ചയായി അടച്ചിടേണ്ട സാഹചര്യവുമുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളടക്കം ഒഴിപ്പിച്ചുകൊണ്ട് അഭയാര്‍ഥികള്‍ക്ക് താത്കാലിക താമസം ഒരുക്കാനുള്ള ശ്രമത്തിലുമാണ് സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ മോഡുല്‍ ഹോം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത് സര്‍ക്കാരിന് നേരിയ ആശ്വാസമായേക്കും.

Share this news

Leave a Reply

%d bloggers like this: