ഗാൽവേയിൽ കാർ മരത്തിലിടിച്ച് പതിനാല് വയസ്സുകാരായ കുട്ടികൾക്ക് ദാരുണാന്ത്യം

ഗാല്‍വേയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പതിനാല് വയസ്സ് പ്രായുമുള്ള രണ്ട് കുട്ടികള്‍‍ മരണപ്പെട്ടു. ഒരു പെണ്‍കുട്ടിയും , ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. Headford , Ballyfruit ഏരിയയിലെ Glennagarraun ല്‍ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ കുഴിയില്‍ വീണശേഷം നിയന്ത്രണം നഷ്ടപ്പെടുകയും മരത്തിലിടിക്കുകയുമായിരുന്നു. മരണപ്പെട്ട രണ്ട് പേരും നഗരത്തിലെ പ്രസന്റേഷന്‍ കോളേജിലെ വിദ്യാര്‍ഥികളാണ്.

കാറിലുണ്ടായിരുന്ന പതിമൂന്ന് വയസ്സുപ്രായമുള്ള ഒരു ആണ്‍കുട്ടിയും, പതിനാല് വയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു ആണ്‍കുട്ടിയുടെ മരണം സംഭവസ്ഥലത്തു വച്ചുതന്നെ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ വച്ച് ഒരു പെണ്‍കുട്ടി കൂടി മരിച്ചതായി സ്ഥിരീകരിച്ചു.

അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് ടീമിന്റ നേതൃത്വത്തിലുള്ള പരിശോധനകള്‍ കഴിഞ്ഞ ദിവസം നടന്നു. ഈ റോഡിലെ ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടിരുന്നു. അപകടത്തിന് സാക്ഷികളായവരോ, ദൃശ്യങ്ങള്‍ കൈവശമുള്ളവരോ Tuam ഗാര്‍ഡ സ്റ്റേഷനിലോ(093-708 40), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ, ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: