National Slow Down Day; അമിതവേഗതയിൽ പോയ 179 വാഹനങ്ങൾ പിടികൂടിയതായി ഗാർഡ

ഇന്നലെ (ഏപ്രില്‍ 21) രാവിലെ ഏഴ് മണിമുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ National Slow Down Day-യുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ 179 വാഹനങ്ങളെ അമിതവേഗത കാരണം പിടികൂടിയതായി ഗാര്‍ഡ. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ റോഡുകളിലുടനീളം പലയിടത്തായി സ്പീഡ് ചെക്കിങ് പോയിന്റുകള്‍ ഗാര്‍ഡ സ്ഥാപിച്ചിരുന്നു.

മണിക്കൂറില്‍ 120 കി.മീ മാത്രം പരമാവധി വേഗം അനുവദിച്ചിട്ടുള്ള റോഡില്‍ 149 കി.മീ വേഗത്തില്‍പോകുകയായിരുന്ന ഒരു കാര്‍ ഗാര്‍ഡ പിടികൂടിയ വാഹനങ്ങളില്‍ പെടുന്നു. Ballyadam-ലെ N25-ല്‍ 100 കി.മീ വേഗം അനുവദിച്ചിട്ടുള്ള പ്രദേശത്ത് ഒരാള്‍ 157 കി.മീ വേഗത്തിലാണ് കാറുമായി പറന്നത്. Donegal-ലെ R267, വിക്ക്‌ലോയിലെ N11, Longford-ലെ N4, Parteen-ലെ R463, Monaghan-ലെ Clones Road എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ വേഗപരിധി ലംഘിച്ച ഡ്രൈവര്‍മാരെ പിടികൂടിയിട്ടുണ്ട്.

രാജ്യത്തെ റോഡുകളില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശരിയായ വേഗത്തില്‍ വാഹനങ്ങളോടിക്കാന്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനായാണ് ഗാര്‍ഡയും Road Safety Authority-യും ചേര്‍ന്ന് National Slow Down Day ആചരിച്ചത്. യൂറോപ്പിലുടനീളം സമാനമായ ബോധവത്കരണം നടക്കുന്നതിന്റെ ഭാഗമായാണ് അയര്‍ലണ്ടിലും പദ്ധതി നടപ്പിലാക്കിയത്.

റോഡ് എത്ര നല്ലതായാലും, ഡ്രൈവിങ്ങിന് എത്ര ഉത്തമമായ കാലാവസ്ഥയായാലും അമിതവേഗത ഒരിക്കലും പാടില്ലെന്ന് ഗാര്‍ഡ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അത് ഗുരുതരമായ അപകടങ്ങളിലേയ്ക്കും, മരണത്തിലേയ്ക്കും വരെ നയിക്കാം.

2022-ല്‍ 157 പേരാണ് റോഡപകടങ്ങളില്‍ രാജ്യത്ത് മരണപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ 52 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്.

സ്പീഡ് ചെക്കിങ്ങിന്റെ ഭാഗമായി ഇതുവരെ 133,864 വാഹനങ്ങള്‍ പരിശോധിച്ചതായും, ഇതില്‍ 179 എണ്ണം വേഗപരിധി ലംഘിച്ചതായും കണ്ടെത്തിയതായാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: