അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 11,988 എന്ന റെക്കോര്‍ഡില്‍. ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാര്‍ച്ച് മാസത്തിലെ കണക്ക് പ്രകാരം ലഭ്യമായ വിവരത്തില്‍, ഒരു മാസത്തിനിടെ ഭവനരഹിതരുടെ എണ്ണം 2.1% വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്നു. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22% ആണ് ഭവനരഹിതരുടെ വര്‍ദ്ധന.

മാര്‍ച്ച് മാസത്തില്‍ ഭവനരഹിതരായ 1,639 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഭവനരഹിതരായ ഒറ്റപ്പെട്ട ആളുകളുടെ എണ്ണമാകട്ടെ 5,736 എന്ന റെക്കോര്‍ഡിലുമാണ്.

അതേസമയം വീടില്ലാത്ത ചെറുപ്പക്കാരുടെ (18-24 പ്രായക്കാര്‍) എണ്ണം ഒരു മാസത്തിനിടെ 1% കുറവ് സംഭവിച്ച് 1,456 ആയിട്ടുണ്ട്. എന്നാല്‍ 2022 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 18.4% വര്‍ദ്ധനയാണിത്.

വീടില്ലാത്ത കുട്ടികള്‍, ആശ്രിതര്‍ എന്നിവരുടെ എണ്ണവും ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒരു മാസത്തിനിടെ വര്‍ദ്ധിച്ച് 99 ആയിട്ടുണ്ട്.

അതേസമയം രാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നതിന് നിരോധനം പ്രാബല്യത്തിലുണ്ടായിരുന്ന മാര്‍ച്ച് 31-ന് മുമ്പുള്ള കണക്കാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ഏപ്രില്‍ മാസത്തില്‍ ഭവനരഹിതരുടെ എണ്ണം ഇതിലും വര്‍ദ്ധിച്ചേക്കാം.

ഈ സാഹചര്യം വെല്ലുവിളിയാണെന്ന് പറഞ്ഞ ഭവനമന്ത്രി Darragh O’Brien, പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം കുടിയിറക്കല്‍ നിരോധനം പിന്‍വലിച്ച സര്‍ക്കാരിനെതിരെ ചാരിറ്റി സംഘടനകള്‍ വിമര്‍ശനം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: