കണക്കുകൾ ഞെട്ടിക്കുന്നത്; അയർലണ്ടിൽ റോഡപകട മരണങ്ങൾ വർദ്ധിക്കുന്നു

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. Road Safety Authority (RSA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023 പകുതി വരെ 95 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9 പേര്‍ അധികം കൊല്ലപ്പെട്ടു.

ഇതേ നില തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്ത് 168 പേര്‍ അപകടങ്ങളില്‍ മരിച്ചേക്കുമെന്നും RSA പറയുന്നു.

ഈ വര്‍ഷം മരിച്ചവരില്‍ നാലില്‍ ഒന്ന് പേരും 16-25 പ്രായക്കാരാണ്.

രാത്രി 8 മണിമുതല്‍ രാവിലെ 8 മണിവരെയുള്ള സമയത്താണ് 49% പേരും അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. അതായത് റോഡില്‍ തിരക്കൊഴിഞ്ഞ സമയങ്ങളില്‍. ഏറ്റവുമധികം മരണങ്ങള്‍ നടന്ന മൂന്ന് കൗണ്ടികള്‍ ഗോള്‍വേ (11), മേയോ (10), കോര്‍ക്ക് (9) എന്നിവയാണ്.

അതേസമയം ഓഗസ്റ്റ് 1 വരെ രാജ്യത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 100 പേരാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11 പേര്‍ അധികം മരിച്ചു.

റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എല്ലാവരോടും റോഡില്‍ അതീവജാഗ്രത പാലിക്കാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. അമിതവേഗതയിലോ, അപകടകരമായ രീതിയിലെ വാഹനം ഓടിക്കാതിരിക്കുക. മദ്യമോ, മറ്റ് ലഹരികളോ ഉപയോഗിച്ച് ഒരിക്കലും വാഹനം ഓടിക്കരുത്. ഓര്‍ക്കുക- സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും അമൂല്യമാണ്!

Share this news

Leave a Reply

%d bloggers like this: