അപ്രതീക്ഷിത സമരം; ലിമറിക്കിൽ സർക്കാർ ബസുകൾ സർവീസ് നിർത്തി

ലിമറിക്കില്‍ Bus Eireann ഡ്രൈവര്‍മാരുടെ അനൗദ്യോഗിക സമരം കാരണം സര്‍വീസുകൾ മുടങ്ങി. അധികജോലിക്കാരായി എത്തിയ ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതോടെയാണ് ഇന്ന് രാവിലെ മുതൽ (ഒക്ടോബര്‍ 2) സര്‍വീസുകള്‍ മുടങ്ങിയത്. ഐറിഷ് സര്‍ക്കാരിന് കീഴിലുള്ള ഒദ്യോഗിക ബസ് സര്‍വീസ് കമ്പനിയാണ് Bus Eireann.

അവധിദിനങ്ങള്‍, അസുഖങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയാല്‍ സ്ഥിരം ഡ്രൈവര്‍മാര്‍ ലീവ് എടുക്കുമ്പോള്‍ പകരമായി ബസ് ഓടിക്കാന്‍ കമ്പനി 360 അധിക ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലി സമയം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സമരത്തിലേയ്ക്ക് നയിക്കുകയായിരുന്നു.

ഓഫിസ്, സ്‌കൂള്‍, ഷോപ്പിങ്, ആശുപത്രി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന നിരവധി പേരെ സമരം ബാധിക്കുമെന്നും, അവര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും Bus Eireann അധികൃതര്‍ പറഞ്ഞു. Workplace Relations Commission വഴി ജോലിസമയം സംബന്ധിച്ച കാര്യങ്ങളെല്ലാം പുനഃപരിശോധിച്ച ശേഷവും അനൗദ്യോഗികമായി സമരം നടത്തുന്നത് അതിശയിപ്പിക്കുന്നതാണെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.

അതേസമയം തങ്ങളെ അറിയിച്ചുകൊണ്ടല്ല ഡ്രൈവര്‍മാര്‍ സമരം നടത്തുന്നതെന്ന് തൊഴിലാളി യൂണിയനായ National Bus and Rail Union പ്രതികരിച്ചു. എന്നാല്‍ സമരം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ യൂണിയന്റെ ഭാഗത്ത് നിന്നും അച്ചടക്ക നടപടികളൊന്നും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ യൂണിയന്‍ ജനറല്‍ സെക്രട്ടറി Dermot O’Leary, സമരം ചെയ്യുന്ന ഡ്രൈവര്‍മാര്‍ നിരാശയിലാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കാനുള്ള ഏകവഴി, Workplace Relations Commission-ല്‍ വച്ച് ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: