‘ഇടപെടേണ്ടി വരും’: ഗാസയിൽ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

പലസ്തീനെതിരായി ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഇറാന്‍. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹമാസിനെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ സൈന്യം കരയുദ്ധം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഹമാസിന്റെ പ്രവർത്തനഭൂമിയായ ഗാസ മുനമ്പിലേയ്ക്ക് ഇസ്രായേല്‍ സൈനികനീക്കം ആരംഭിച്ചതോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ ഇവിടെ നിന്നും പലായനം ആരംഭിച്ചിട്ടുണ്ട്.

ഹമാസിന് ഇറാന്‍ ആയുധം നല്‍കുന്നതായി ഇസ്രായേല്‍ നേരത്തെ ആരോപിക്കുന്നുണ്ടെങ്കിലും, ഇസ്രായേല്‍ അതിര്‍ത്തി പട്ടണങ്ങളില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയും, പരമോന്നത നേതാവുമായ ആയത്തുല്ല ഖൊമേനി നേരത്തെ പറഞ്ഞിരുന്നു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയമാണത് എന്നാണ് ഖൊമേനി പറഞ്ഞത്.

ഇതിനിടെ ഗാസയിലേയ്ക്കുള്ള വെള്ളവും, വെളിച്ചവുമടക്കം തടഞ്ഞുകൊണ്ട് ശക്തമായ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്രായേല്‍. ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരെ വിട്ടയയ്ക്കുന്നതുവരെ ഉപരോധം തുടരുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. തെക്കന്‍ ഗാസയില്‍ നിന്നും 10 ലക്ഷം പേരോട് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

അതേസമയം ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍, ആഗോള യുദ്ധനിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഇസ്രായേലിലെയും, പലസ്തീനിലെയും സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: