ശക്തമായ മഴയും കാറ്റുമായി ഇന്നും ബബേറ്റ് എത്തും; മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ്, കോർക്കിൽ അതീവ ജാഗ്രത

ബബേറ്റ് കൊടുങ്കാറ്റ് ഉയര്‍ത്തുന്ന ഭീഷണി തുടരുന്ന സാഹചര്യത്തില്‍, കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.7 മുതല്‍ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. രാത്രി തുടങ്ങുന്ന ശക്തമായ മഴ രാവിലെയും തുടരും. ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും, ഡ്രൈവ് ചെയ്യുമ്പോള്‍ അതീവജാഗ്രത പാലിക്കുകയും വേണം.

ബുധനാഴ്ച ബബേറ്റ് കൊടുങ്കാറ്റിനൊപ്പം വന്ന ശക്തമായ മഴ കോര്‍ക്കിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനിടയിലാകാനും, വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ മുങ്ങിപ്പോകാനും കാരണമായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങുകയും ചെയ്തു.

ഇതിന് പുറമെ Dublin, Louth, Meath, Wicklow, Kerry എന്നിവിടങ്ങളിലും ഇന്ന് യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 9 വരെയാണ് വാണിങ് നിലനില്‍ക്കുക.

അതേസമയം കോര്‍ക്കിലുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ക്ക് വീടുകളില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇന്ന് പെയ്യുന്ന ശക്തമായ മഴ കോര്‍ക്കിലെ Middleton പ്രദേശത്ത് സമാനമായ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും. അതിനാല്‍ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കുക.

വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: