ജാക്ക് ആൻഡ് ജിൽ സ്ഥാപകൻ ജൊനാഥൻ ഇർവിൻ അന്തരിച്ചു

അയര്‍ലണ്ടിലെ Jack and Jill Children’s Foundation സ്ഥാപകനായ ജൊനാഥന്‍ ഇര്‍വിന്‍ (82) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഡിസംബര്‍ 10 ഞായറാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.

1941 ജൂണ്‍ 21-ന് ജനിച്ച ഇര്‍വിന്‍, കുതിരകളെ വില്‍ക്കുകയും, ലേലത്തിന് എത്തിക്കുകയും മറ്റും ചെയ്യുന്ന Gaffs Sales Company-യുടെ മുന്‍ മേധാവിയുമായിരുന്നു. ഭാര്യയായ മേരി ആന്‍ ഒബ്രിയനും മക്കളായ ലില്ലി, ഫോണ്‍സീ, മോളി എന്നിവര്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മക്കളായ ജാക്ക്, ജോണ്‍ എന്നിവര്‍ നേരത്തെ അന്തരിച്ചിരുന്നു. ഭാര്യയോടൊപ്പം 1997-ലാണ് പ്രശസ്തമായ Jack and Jill Children’s Foundation-ന് അദ്ദേഹം രൂപം നല്‍കിയത്.

ആദ്യ ഭാര്യയായ മൈക്കലയില്‍ നാല് മക്കളും ഇര്‍വിനുണ്ട്.

ഗുരുതര രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നത്. തലച്ചോറില്‍ അസുഖവുമായി ജനിച്ച തങ്ങളുടെ മകനായ ജാക്കിന് കൃത്യമായി ചികിത്സ നല്‍കാന്‍ രാജ്യത്ത് ഒരു സംവിധാനമില്ലെന്ന് കണ്ടാണ് ഇവര്‍ ഇത്തരം കുട്ടികളെ സഹായിക്കാനായി ഫൗണ്ടേഷന് രൂപം നല്‍കിയത്. കാഴ്ചയോ, കേള്‍വിയോ ഇല്ലാത്ത മകന് ശുശ്രൂഷ നല്‍കാന്‍ വളരെയേറെ കടമ്പകള്‍ കടക്കേണ്ടി വന്ന ഇവര്‍ക്ക്, ഏറെ മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നു.

26 വര്‍ഷത്തിനിടെ രാജ്യമെമ്പാടുമുള്ള 2,964 കുട്ടികള്‍ക്ക് സഹായമെത്തിച്ച ഫൗണ്ടേഷനും ദമ്പതികളും, 2003-ലെ ചാരിറ്റി ഓഫ് ദി ഇയര്‍, ഐറിഷ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ 2004. ഐറിഷ് ഫണ്ട് റെയ്‌സര്‍ ഓഫ് 2011, ഗ്ലോബല്‍ ഫേണ്ട് റെയ്‌സര്‍ ഓഫ് 2011, പിആര്‍ എക്‌സലന്‍സ് അവാര്‍ഡ്, പീപ്പിള്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മുതലായ ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: