അയർലണ്ടിൽ വീടുകളുടെ വില വീണ്ടുമുയർന്നു; ഏറ്റവും കുറവ് വിലയ്ക്ക് വീട് ലഭിക്കുന്നത് ഈ പ്രദേശത്ത്

അയര്‍ലണ്ടിലെ ഭവനവില (House Price in Ireland) വീണ്ടുമുയര്‍ന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 2.3% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. അതേസമയം പ്രവാസികളടക്കം നിരവധി പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡബ്ലിനില്‍, വില 0.6% കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ മാസത്തിലെ കണക്കുകളാണ് CSO പുറത്തുവിട്ടിരിക്കുന്നത്.

ഒക്ടോബറില്‍ 4,604 വീടുകളുടെ വില്‍പ്പന നടന്നതായാണ് റവന്യൂ വകുപ്പിന്റെ രേഖകള്‍ പറയുന്നത്. 2022 ഒക്ടോബറിനെ അപേക്ഷിച്ച് 7.2% അധികമാണിത്. വില്‍പ്പന നടന്ന വീടുകളുടെ ശരാശരി വിലയാകട്ടെ 323,000 യൂറോയുമാണ്. ഇതിന് പുറമെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം 2.8% ഉയര്‍ന്നിട്ടുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വില്‍ക്കപ്പെട്ടത് Longford-ലാണ്- 160,000 യൂറോ. ഏറ്റവും കൂടിയ വിലയ്ക്ക് വീട് വില്‍പ്പന നടന്നതാകട്ടെ ഡബ്ലിനിലെ Dún Laoghaire-Rathdown-ലും- വില 630,000 യൂറോ.

ഡബ്ലിന് പുറത്ത് വീടുകള്‍ക്ക് ഏറ്റവുമധികം ശരാശരി വിലയുള്ളത് Wicklow-യിലാണ്- 427,000 യൂറോ. Wicklow-യ്ക്ക് തൊട്ടുപിന്നിലായുള്ളത് Kildare ആണ്. 390,000 യൂറോയാണ് ഇവിടുത്തെ ശരാശരി ഭവനവില.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വീടുകള്‍ വില്‍ക്കപ്പെടുന്ന എയര്‍കോഡ് A94 Blackrock പ്രദേശമാണ്. കഴിഞ്ഞ 12 മാസത്തിനിടെയുള്ള കണക്കെടുത്താല്‍, ഇവിടെ വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില 730,000 യൂറോയാണ്. അതേസമയം ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടുകള്‍ ലഭിക്കുന്ന എയര്‍കോഡ് F45 Castlerea ആണ്. വെറും 135,000 യൂറോ ആണ് ഇവിടുത്തെ ശരാശരി ഭവനവില.

Share this news

Leave a Reply

%d bloggers like this: