ഡബ്ലിനിൽ ഭവനരഹിതരെ താമസിപ്പിക്കാനിരുന്ന പബ്ബ് അജ്ഞാതർ അഗ്നിക്കിരയാക്കി; ഞെട്ടൽ!

ഡബ്ലിനില്‍ ഭവനരഹിതര്‍ക്ക് താമസിക്കാനായി തയ്യാറാക്കിയ പഴയ പബ്ബും, ഗസ്റ്റ് ഹൗസും അജ്ഞാതര്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് Ringsend പ്രദേശത്തെ Thorncastle Street-ലുള്ള പബ്ബില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 16-ന് ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചതിന് പിന്നാലെയാണ് ഡബ്ലിനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

വീടില്ലാത്ത ധാരാളം കുടുംബങ്ങളെ Ringsend-ലെ പബ്ബില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും, ഈ സംഭവം അത്യന്തം നിരാശാജനകമാണെന്നും Dublin Region Homeless Executive (DRHE) പറഞ്ഞു.

ഇവിടം അഭയാര്‍ത്ഥികള്‍ക്കും, കുടിയേറ്റക്കാര്‍ക്കും താമസിക്കാനായി നല്‍കുമെന്ന് ഊഹാപോഹം പരന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് തീവ്രവലതുപക്ഷ വാദികള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തരമൊരു പദ്ധതി തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് International Protection Accommodation Service കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്.

ഇതിനിടെ കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ച കെട്ടിടമായിരുന്നു ഇതെന്ന് കരുതിയ തീവ്രവലതുപക്ഷവാദികള്‍ ഇവിടം തീവെച്ചത് എക്‌സ് അക്കൗണ്ടുകളിലെ പോസ്റ്റുകളിലൂടെ ആഘോഷിക്കുന്നുണ്ട്.

അതേസമയം സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. പ്രത്യേക ഓഫിസ് തുറന്നാണ് ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആശങ്ക രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: