അയർലണ്ടിലെ റോഡുകളിൽ 2023-ൽ 184 പൊലിഞ്ഞത് ജീവനുകൾ; 19% വർദ്ധന

2023-ല്‍ അയര്‍ലണ്ടിലെ റോഡുകളില്‍ 173 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 184 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19% അധികമാണിതെന്ന് Road Safety Authority (RSA) വ്യക്തമാക്കുന്നു. 2022-ല്‍ 149 റോഡപകടങ്ങളിലായി 155 മരണങ്ങളാണ് സംഭവിച്ചിരുന്നത്.

2022-ന് സമാനമായി ഈ വര്‍ഷവും ഏറ്റവുമധികം കൊല്ലപ്പെട്ടത് പുരുഷന്മാരാണ്. ആകെ കൊല്ലപ്പെട്ടവരില്‍ 78 ശതമാനവും പുരുഷന്മാരാണ്.

അതുപോലെ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുന്നതിലും, രാത്രിയില്‍ അപകടങ്ങള്‍ നടക്കുന്നതിലും 2023-ല്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

ടിപ്പററിയിലാണ് ഏറ്റവുമധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്- 16. 15 പേര്‍ വീതം കൊല്ലപ്പെട്ട കോര്‍ക്ക്, ഡബ്ലിന്‍ എന്നിവിടങ്ങളാണ് പിന്നാലെ. ഏറ്റവും കുറവ് പേര്‍ കൊല്ലപ്പെട്ടത് ലോങ്‌ഫോര്‍ഡിലാണ്- 2.

ആകെ മരണങ്ങളില്‍ 69 പേര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ്. 44 പേര്‍ കാല്‍നടയാത്രക്കാരും. 34 പേരാണ് വാഹനങ്ങളിലെ യാത്രക്കാരുമാണ്. 26 പേര്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാരും, എട്ട് പേര്‍ സൈക്കിള്‍ യാത്രക്കാരും, മൂന്ന് പേര്‍ ഇ-സ്‌കൂട്ടര്‍ ഓടിച്ചിരുന്നവരുമാണ്.

ആകെ മരണങ്ങളില്‍ പകുതിയോളം സംഭവിച്ചത് രാത്രിയിലാണ് (രാത്രി 8 മുതല്‍ രാവിലെ 8 വരെ). 2022-ല്‍ ഇത് 35% ആയിരുന്നു.

മെയ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലാണ് ഏറ്റവുമധികം പേര്‍ രാജ്യത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. യഥാക്രമം 20, 26, 23 എന്നിങ്ങനെയാണ് ഈ മാസങ്ങളിലെ റോഡപകടമരണ നിരക്ക്.

Share this news

Leave a Reply

%d bloggers like this: