വാക്സിനെടുക്കാൻ ആളുകൾ മടിക്കുന്നു; അയർലണ്ടിൽ മീസിൽസ് പടരാൻ സാധ്യത വളരെ കൂടുതൽ

അയര്‍ലണ്ടില്‍ മീസില്‍സ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി HSE. Health Protection Surveillance Centre (HPSC) റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ മീസില്‍സിനെതിരായി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ആവശ്യമായതിലും വളരെ കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി ഇല്ലാത്തവരില്‍ വളരെ വേഗത്തിലാകും രോഗം പടര്‍ന്നുപിടിക്കുക.

Louth, Meath എന്നീ കൗണ്ടികളിലാണ് മീസില്‍സ് വാക്‌സിന്‍ എടുക്കുന്നവര്‍ ഏറ്റവും കുറവ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ 80 ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമേ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളൂ. Sligo, Leitrim, Donegal എന്നിവിടങ്ങളില്‍ ഇത് 85 ശതമാനവും ആണ്.

അതേസമയം 95% ജനങ്ങളും പ്രതിരോധ വാക്‌സിന്‍ എടുക്കുക എന്നതാണ് ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിരിക്കുന്ന ലക്ഷ്യം. പക്ഷേ രാജ്യത്തെ ഒരു ലോക്കല്‍ ഹെല്‍ത്ത് ഓഫിസും ഈ ലക്ഷ്യം ഇതുവരെ കൈവരിച്ചിട്ടില്ല. മീസില്‍സിന് പുറമെ mumps, rubella എന്നീ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിലവില്‍ നല്‍കിവരുന്ന MMR വാക്‌സിന്‍.

രാജ്യത്തെ 18-34 പ്രായക്കാരില്‍ 10% പേര്‍ക്കും ഈ രോഗങ്ങളോട് പ്രതിരോധശേഷിയില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. യു.കെയില്‍ സംഭവിച്ചത് പോലെ ഇവിടെയും രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍ നിന്നും പുലര്‍ച്ചെ 6.30-ന് ഡബ്ലിനില്‍ എത്തിയ എത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ ഒരാള്‍ക്ക് മീസില്‍സ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, ഈ വിമാനത്തില്‍ യാത്ര ചെയ്ത മറ്റുള്ളവരോട് രോഗലക്ഷണങ്ങളുണ്ടോ എന്ന നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും വേണം.

അയര്‍ലണ്ടില്‍ മീസില്‍സ് ബാധിച്ച് ഒരു മരണവും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: