എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാരുടെ സമരം: ആര്‍ക്കും നേട്ടമില്ലെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകളിലെ ട്രോളി പ്രതിസന്ധിയെ തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ സമരം നടത്താനുള്ള നഴ്‌സുമാരുടെ തീരുമാനം ആരെയും സഹായിക്കില്ലെന്ന് പ്രധാനമന്ത്രി എന്‍ഡ കെനി പറഞ്ഞു. പ്രശ്‌നം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സമരം ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി തന്റെ നേതൃത്വത്തിലുളള സര്‍ക്കാരാണ് ട്രോളി പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാരിന് വെല്ലുവിളി നേരിടേണ്ടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള ട്രോളി പ്രതിസന്ധിയെ തരണം ചെയ്ത് വളരെ ദൂരം മുന്നിലായിക്കഴിഞ്ഞു നമ്മളെന്നും ഇന്നലെ 329 രോഗികളാണ് ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വര്‍ഷമാദ്യം 500 നും 600 നുമിടയില്‍ രോഗികളാണ് ട്രോളിയിലുണ്ടായിരുന്നത്. ട്രോളിയിലുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. ഈ സാഹചര്യത്തില്‍ INMO ജനറല്‍ സെക്രട്ടറി ലിയോ ഡോറനും സഹചെയര്‍മാനായിട്ടുള്ള സര്‍ക്കാരിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ആക്ഷന്‍ പ്ലാനാണ് പരാജയപ്പെട്ടുവെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രോളി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഐറിഷ് എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സുമാര്‍ ഡിസംബര്‍ 15 നാണ് പണിമുടക്കുന്നത്. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് സമരത്തിനനുകൂലമായി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതമായ തിരക്കും അപരിമിതമായ സൗകര്യങ്ങളും ജീവനക്കാരുടെ അഭാവവുമാണ് സമരനടപടികളിലേക്ക് കടക്കാന്‍ നഴ്‌സുമാരെ പ്രേരിപ്പിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: