ലുവാസ് തര്‍ക്കം പരിഹരിക്കുന്നതിനായി ഡബ്ല്യു.ആര്‍.സിയില്‍ ചര്‍ച്ച

ഡബ്ലിന്‍: ലുവാസ് തര്‍ക്ക പരിഹാരത്തിനായി ഇന്ന് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ ചര്‍ച്ച നടക്കും. ലുവാസ് ഓപ്പറേറ്റര്‍ മാനേജ്‌മെന്റായ ട്രാന്‍സ്‌ദേവ് ആണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അതേസമയം ലുവാസ് ജീവനക്കാരുടെ സംഘടനയായ സിപ്ടു, ഡബ്ല്യു.ആര്‍.സി അധികാരികളുമായി ഉച്ചയ്ക്കുശേഷം ചര്‍ച്ച നടത്തും.

അതേസമയം മാനേജ്‌മെന്റും ട്രേഡ് യൂണിയനും തമ്മില്‍ നേരിട്ടൊരു ചര്‍ച്ചക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുകൂട്ടര്‍ക്കും സമ്മതമാകുന്ന നിലപാടിലെത്താനായിരിക്കും ഡബ്ല്യൂ.ആര്‍.സി ശ്രമിക്കുക.

8 മുതല്‍ 53 ശതമാനം വരെ വേതന വര്‍ദ്ധനവാണ് ലുവാസ് ജീവനക്കാരുടെ ആവശ്യം. കൂടാതെ തൊഴില്‍ മേഖലയില്‍ സമഗ്രമായ മാറ്റം വരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.എന്നാല്‍ മാനേജ്‌മെന്റ് 1 മുതല്‍ 3 ശതമാനം വരെ വേതന വര്‍ദ്ധനവ് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡബ്ലിനിലെ ലൈറ്റ് റെയില്‍ സിസ്റ്റമായ ലുവാസ് വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രണ്ട് തവണ 48 മണിക്കൂര്‍ നീണ്ട സമരം നടത്തിയിരുന്നു. ഇതിന് പുറമെ മാര്‍ച്ച് 8നും 17നും സമരം നടത്താനാണ് തീരുമാനം. ഇനിയുമൊരു സമരം ഉണ്ടായാല്‍ അത് ലുവാസ് സിസ്റ്റത്തെ വന്‍ നഷ്ടത്തിലേക്ക് എത്തിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണാഹു പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: