ജിഷാ വധക്കേസിലെ യാഥാര്‍ഥ്യങ്ങള്‍; മാധ്യമങ്ങള്‍ ഇതുവരെ പറയാതിരുന്നത്

(വാര്‍ട്‌സ് ആപ് ഉള്‍പ്പെടെയുള്ള സമൂഹിക മാധ്യമങ്ങളില്‍ മുഖ്യ ധാര മാധ്യമങ്ങള്‍ ജിഷവധക്കേസില്‍പറയാതിരുന്ന പോലീസിന്റെ ഭാഗം പ്രചരിക്കുന്നു.ഇതനുസരിച്ച് മാധ്യമങ്ങള്‍ കേരളത്തിലെ പൊതു സമൂഹത്തോട് പല യാഥാര്‍ത്ഥ്യങ്ങളും മറച്ചു വച്ചു എന്ന ആരോപണം ഉണ്ട്.ഇതിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട്)

കുറുപ്പുംപടിയിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം അതില്‍ ഏതുവിധം അന്വേഷണം നടക്കുന്നു എന്ന് നേരിട്ടറിയാന്‍ സാധിക്കാത്ത പൊതുസമൂഹത്തെ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അതിന് ഒരു പ്രധാന കാരണം, ഈ കൊലപാതകം നടന്നിട്ട് ആറു ദിവസത്തോളം മാധ്യമങ്ങള്‍ ആവശ്യമുള്ള യാതൊരു ശ്രദ്ധയും ഇക്കാര്യത്തില്‍ കൊടുത്തില്ല എന്ന ”ചമ്മല്‍” ആണ്. തങ്ങള്‍ക്ക് പറ്റിയ പിഴവിനെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനായി പിന്നത്തെ ശ്രമം. ഇതനുസരിച്ച് പ്രചരിച്ച അല്ലെങ്കില്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ താഴെ പറയും വിധമാണ്.

1. ഇത്തരം ഒരു കൊലപാതകം നടന്നിട്ടും ഇക്കാര്യം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ കൊണ്ട് വരുന്നതുവരെ പോലീസ് ഒരു നടപടിയും എടുത്തില്ല:

വാസ്തവത്തില്‍ ഏപ്രില്‍ 28ന് വൈകിട്ട് 08.45 മണിക്ക് കുറുപ്പുംപടി പോലീസ് സ്റ്റേഷനില്‍ ഒരു വീട്ടില്‍ വാതില്‍ തുറക്കാതെ ഇരിക്കുന്നു എന്ന കാര്യം അറിയിച്ച ഉടന്‍ പത്തു മിനിട്ടിനകം എസ് ഐയും പോലീസുകാരനും സ്ഥലത്തെത്തുകയായിരുന്നു. അവര്‍ പുറകിലെ വാതിലിലൂടെ ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ തന്നെ ഒരു യുവതി മരിച്ചു കിടക്കുന്നത് കാണുകയും ഉടന്‍ തന്നെ അവര്‍ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും സംഭവ സ്ഥലം സീല്‍ ചെയ്യുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍ അനസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാത്രി 9.30 നു തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. ആ രാത്രി 9.45 നു മുന്‍പായി തന്നെ സിഐ, ഡി.വൈ.എസ്.പി പെരുമ്പാവൂര്‍, ജില്ല പോലീസ് മേധാവി എറണാകുളം റൂറല്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും സംഭവ സ്ഥലം ഗാര്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ എടുക്കുകയും ചെയ്തു. ഈ കേസിന്റെ പ്രത്യേകത, സംഭവമറിഞ്ഞ് ജില്ല പോലീസ് മേധാവി തന്നെ സ്ഥലത്ത് എത്തി എന്നുള്ളതാണ്. കൂടാതെ ഏപ്രില്‍ 30ന് രാവിലെ തന്നെ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് സ്ഥലത്തെത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതില്‍ നിന്നു തന്നെ പോലീസ് വളരെ കാര്യ ഗൗരവത്തോടെ തന്നെയാണ് ഈ കേസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത് എന്ന് മനസ്സിലാക്കാവുന്നതാണ്.

2. മരിച്ചത് പെണ്‍കുട്ടി ആയിരുന്നിട്ടും ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്നതാണ് അടുത്ത പരാതി:

ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യം ആവശ്യമുള്ള രണ്ടോ മൂന്നോ സന്ദര്‍ഭങ്ങള്‍ സിആര്‍പിസി 174, 176 സെക്ഷനുകളില്‍ പറയുന്നുണ്ട്. അത് വിവാഹാനന്തരം 7 വര്‍ഷത്തിനുള്ളില്‍ മരിക്കുന്ന ഒരു സ്ത്രീയുടെയും അല്ലെങ്കില്‍ ഏതെങ്കിലും കസ്റ്റഡിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെയും ഇന്‍ക്വസ്റ്റ് ആണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ നടത്തേണ്ടത്. മറ്റ് എല്ലാ കേസുകളിലും പോലീസ് സ്വന്തമായാണ് ഇന്‍ക്വസ്റ്റ് നടത്തുന്നത്. മാത്രമല്ല എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് നടത്തുന്നെന്നു പറയുന്ന കേസുകളില്‍ പോലും അതെല്ലാം തയ്യാറാക്കുന്നത് പോലീസ് തന്നെയാണ്. നിയമം ഇതായിരിക്കെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനെ കൊണ്ടുവരാതെ നിയമം മറികടന്നുവെന്നു പറയുന്നത് മനപ്പൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം മാത്രമാണ്.

3. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന നടത്തിയില്ല എന്ന ആരോപണം:

ഏപ്രില്‍ 29ന് രാവിലെ 9.30 നാണ് ഇന്‍ക്വസ്റ്റ് തുടങ്ങുന്നത്. മരിച്ച കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ആയിരുന്നത് കൊണ്ടാണ് മറ്റു ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയത്. ഈ സമയം സയന്റിഫിക് അസിസ്റ്റന്റ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചത്. അങ്ങനെയാണ് വീട്ടുകരുടെയല്ലാത്ത രണ്ടു വിരലടയാളവും ഒരു മുടിയും അവിടെനിന്നും ലഭിക്കുന്നത്. മാത്രമല്ല ഇന്‍ക്വസ്റ്റ് മുഴുവന്‍ വീഡിയോ റെക്കോര്‍ഡിംഗ് നടത്തുകയും ചെയ്തു.

4. പോസ്റ്റ്മാര്‍ട്ടം നടത്തിയത് യോഗ്യതയില്ലാത്ത ഡോക്ടര്‍മാരനെന്ന വാദം:

ആലപ്പുഴ റ്റി.ഡി മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പോലീസ് സര്‍ജനുമായ ഡോ. ലിസ ജോണും ടീം അംഗങ്ങളും ആണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ആ ടീമില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. ഇത്തരം പോസ്റ്റ്മാര്‍ട്ടം നടത്തുമ്പോള്‍ അതില്‍ പങ്കെടുത്താണ് ഈ വിദ്യാര്‍ഥികള്‍ കാര്യങ്ങള്‍ പഠിക്കുന്നതും മനസിലാക്കുന്നതും. കേരള സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാര്‍ട്ടം നടത്തിയതിനെപ്പറ്റി ഉണ്ടായ കിംവദന്തികള്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഈ പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി ആവശ്യമുള്ള എല്ലാ ശരീരഭാഗങ്ങളും സൂക്ഷിച്ചുവെക്കുകയും ഏതൊരു കാലത്തേക്കും ഡി.എന്‍.എ പരിശോധനക്ക് ആവശ്യമായ പല്ല് എടുത്ത് സൂക്ഷിക്കുകയും കൊലയാളിയുടെ കടിയേറ്റ പാടുകള്‍ പ്രത്യേകം രേഖപ്പെടുത്തി,അതിന്റെ മുകളില്‍ ഉണ്ടായിരുന്ന ചുരിദാറിനുള്ളില്‍ നിന്നും കിട്ടിയ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഫിംഗര്‍ പ്രിന്റുകള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബെയോടെക്‌നോളജിയുടെ ആവശ്യത്തിലേക്കായി എടുക്കുകയും ചെയ്തു. ഇനിയും ആ ശരീരത്തില്‍ നിന്നും യാതൊന്നും തന്നെ എടുക്കേണ്ടതായി അവശേഷിച്ചിരുന്നില്ല.

5. പോസ്റ്റ്മാര്‍ട്ടം വീഡിയോഗ്രാഫി ചെയ്തില്ല എന്ന പരാതിയെപ്പറ്റി:

ഏതെങ്കിലും കസ്റ്റഡിയിലുള്ള ആളുടെ മരണത്തില്‍ മാത്രമേ പോസ്റ്റ്മാര്‍ട്ടം വീഡിയോ ഗ്രാഫി ചെയ്യാന്‍ നിയമമുള്ളൂ. പുതുതായി വന്ന SC/ST Atrocities (Prevention) Act പ്രകാരം എല്ലാ സംഭവങ്ങളും വീഡിയോഗ്രാഫി ചെയ്യേണ്ടതാണ്. ഈ കേസില്‍ SC/ST വകുപ്പുകള്‍ ചേര്‍ക്കുന്നത് 2016 മെയ് 05 ല്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഏപ്രില്‍ 29ന് നടത്തിയ പോസ്റ്റ്മാര്‍ട്ടം വളരെ വിശദമായി ഓരോ ഭാഗങ്ങളുടെയും ഫോട്ടോഗ്രാഫി എടുത്താണ് ചെയ്തത്. അത്തരം ഫോട്ടോഗ്രാഫിയില്‍ നിന്നാണ് കടിയേറ്റ പാടുകള്‍ വികസിപ്പിച്ചെടുത്തത്.

6. ശവശരീരം ഉടനടി ദഹിപ്പിച്ചു എന്ന പരാതി:

ഏതെങ്കിലും ആളറിയാത്ത ശവശരീരമോ മരണകാരണം വ്യക്തമല്ലാത്ത ശവശരീരമോ മാത്രമാണ് പോലീസ് പരമാവധി 30 ദിവസം സൂക്ഷിക്കുന്നത്. ഈ കേസില്‍ മരണമടഞ്ഞ ആള്‍ ആരെന്നും മരണകാരണം എന്തെന്നും കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ശവശരീരം കസ്റ്റഡിയില്‍ സൂക്ഷിക്കാതിരുന്നത്. മാത്രമല്ല പോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോള്‍ ആവശ്യത്തിനുള്ള തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നിയമം അനുശാസിക്കുന്ന വിധത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതും, തുടര്‍ന്ന് സ്ഥലം ഇല്ലാത്തതിനാല്‍ അവര്‍ ശവശരീരം ദഹിപ്പിച്ചതും. ശവശരീരം എങ്ങനെ ദഹിപ്പിക്കണം എന്നുള്ളത് ബന്ധുക്കളുടെ തീരുമാനം ആണ്. ഏതായാലും ഏതു ഭാവി അന്വേഷണത്തിനും ആവശ്യമുള്ള ശരീര ഭാഗങ്ങളും ശരീരത്തില്‍ നിന്ന് എടുത്തതിനുശേഷം മാത്രമാണ് ശവശരീരം വിട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ ഡി.എന്‍.എ അടക്കമുള്ള എല്ലാ തെളിവുകളും ഇപ്പോഴും ലഭ്യമാണ്.

7. പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ അന്വേഷിച്ചില്ല എന്ന വാദം:

ഇതില്‍ 4 പരാതികളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് വാഹനാപകടം സംബന്ധിച്ച കേസായിരുന്നു. 2 പരാതികളില്‍ പോലീസ് അന്വേഷണം നടത്തി കോടതിയില്‍ ചാര്‍ജ് നല്‍കിയിട്ടുള്ളതാണ്. മറ്റ് പരാതികള്‍ അയല്‍പക്കത്തുള്ള സ്ത്രീകളുമായുണ്ടായ തര്‍ക്കങ്ങള്‍ ആയിരുന്നു. അവ പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു.

8. മാധ്യമങ്ങള്‍ ഇടപെടുന്നതുവരെ പോലീസ് കാര്യമായി അന്വേഷിച്ചില്ല എന്നുള്ളത്:

മുകളില്‍ ചൂണ്ടിക്കാണിച്ചതുപോലെ സംഭവം അറിഞ്ഞ് 15 മിനിട്ടിനകം തന്നെ ജില്ലാ പോലീസ് മേധാവി തന്നെ സ്ഥലത്തെത്തുകയും കഴിയുന്നതും വേഗം റേഞ്ച് ഐജിപി സ്ഥലത്തെത്തി എല്ലാ വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. ഏപ്രില്‍ 28ന് നടന്ന സംഭവത്തെപ്പറ്റി മെയ് 4 വരെ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതിരുന്നത് പോലീസിന്റെ കുറ്റമല്ല. ആ ജാള്യത മറയ്ക്കുന്നതിനു വേണ്ടിയാണ് ഈ കുറ്റം പോലീസിന്റെ പേരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഏറ്റവും ശാസ്ത്രീയ രീതിയില്‍ അന്വേഷണം നടത്തിയ ഒരു കേസാണിത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ കൊലയാളി മൂന്നിടത്തായി പുറം ഭാഗത്ത് കടിയേല്‍പ്പിച്ചിട്ടുള്ളതും ചുരിദാറിന്റെ മുകളിലൂടെയുള്ള കടിയേറ്റ ഭാഗത്ത് നിന്നും ലഭ്യമായ ഉമിനീരില്‍ നിന്നും മൂന്ന് ഡിഎന്‍എ സാംപിളുകള്‍ കണ്ടെത്തുകയും അവ മൂന്നും ഒരേ ഡി.എന്‍.എ ആണെന്നും അത് പുരുഷന്റെ ഡി.എന്‍.എ ആണെന്നും കൃത്യമായി കണ്ടെത്തിയിട്ടുണ്ട്.

കുറ്റാന്വേഷണങ്ങളെപ്പറ്റിയും ഈ കേസില്‍ പോലീസ് എന്ത് അന്വേഷണമാണ് നടത്തിയത് എന്ന് യാതൊരു അറിവും വിവരവുമില്ലാത്ത ചിലരാണ് ഇതെല്ലാം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. പെരുമ്പാവൂരില്‍ ആത്മഹത്യ ചെയ്ത ബംഗാളിലെ മൂര്‍ഷിദാബാദിലുള്ളവരുടെ ഡി.എന്‍.എ വരെ താരതമ്യം ചെയ്തിരുന്നു. ഒരു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഭരിക്കുന്ന സര്‍ക്കാരിനെ വളരെയേറെ സമ്മര്‍ദത്തിലാക്കുന്ന ഒരു കേസ് ആയിരുന്നിട്ടും അവിടെയുണ്ടായിരുന്നവരുടെയും മറ്റും മൊഴി അനുസരിച്ച് സംശയിക്കാവുന്ന കാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും സാമാന്യേന പ്രതിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാവുന്ന നാലോ അഞ്ചോ ”പ്രതികള്‍” ലഭ്യമായിരുന്നിട്ടും ഒരു നിരപരാധിയും ഇത്തരമൊരു കേസില്‍ കേസ് തെളിഞ്ഞു എന്ന് പേര് വരുത്താനായി ചേര്‍ക്കില്ല എന്ന ദൃഢമായ തീരുമാനം ഉണ്ടായിരുന്നത് കൊണ്ടാണ് ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത്. പല കേസുകളിലും പ്രതികള്‍ പെട്ടെന്ന് പിടിയിലാകാറുണ്ട്. ചിലപ്പോള്‍ അല്‍പ്പം സമയം എടുത്തേക്കാം ശാസ്ത്രീയ രീതിയിലുള്ള അന്വേഷണം നടത്തിയ ഈ കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെങ്കില്‍ പോലും പ്രതികളെ കോടതിയില്‍ കൃത്യമായി കുറ്റം തെളിയിക്കാനാവശ്യമായ എല്ലാ ശാസ്ത്രീയ തെളിവുകളും എടുത്ത് കഴിഞ്ഞു. മാത്രമല്ല ഇത്രയേറെ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും ഒരാളുടെ പോലും മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ഒരു പരാതിപോലും ഉയര്‍ന്നിട്ടില്ല. ഈ കേസില്‍ ഇനിയും കുറെയേറെ പേരെ സാഹചര്യങ്ങള്‍ അനുസരിച്ച് കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള താമസം മാത്രമാണ് അന്വേഷണ സംഘം എടുത്തിരുന്നത്. ഈ അന്വേഷണ സംഘം മുന്നോട്ടു പോയ വഴിയില്‍ അല്ലാതെ മറ്റൊരു അന്വേഷണ സംഘത്തിനു മുന്നോട്ട് പോകാനാകില്ല. പരമ്പരാഗത- ശാസ്ത്രീയ രീതികളും ഇഴചേര്‍ത്ത് അന്വേഷിച്ച കേസാണിത്. ആട് ആന്റണി എന്ന കൊടും കുറ്റവാളിയെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം കൊണ്ടാണ് പോലീസ് കീഴടക്കിയത്. ഡി.എന്‍.എ എന്താണെന്നോ ശാസ്ത്രീയ തെളിവുകള്‍ എന്താണെന്നോ അറിയാത്തവരാണ് അന്വേഷണം വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നത്. സത്യം എന്നും മൂടിവെക്കാനാകില്ല. ഈ കേസിന്റെ അന്വേഷണത്തില്‍ അന്വേഷണ സംഘം നടത്തിയ ഏറ്റവും ശരിയായ പ്രശംസനീയമായ കുറ്റാന്വേഷണ രീതി എത്ര കാലം കഴിഞ്ഞാലും അത് പുറത്ത് വരിക തന്നെ ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചും പ്രധാന മന്ത്രി അടക്കമുള്ള വി.വി.ഐ.പി കളുടെ സന്ദര്‍ശനങ്ങള്‍ക്കിടയിലും പുരുഷന്മാരും വനിതകളും അടങ്ങുന്ന 90 പേരുടെ അന്വേഷണ സംഘം ആയിരത്തോളം പേരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്ത ഒരാളുടെ പോലും മനുഷ്യാവകാശം ലംഘിക്കാതെ തികച്ചും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അന്വേഷണം മുന്നേറിയത്.

പോലീസ് ഇത്ര നല്ല രീതിയില്‍ അന്വേഷണം നടത്തിയിട്ടും പോലീസിനെതിരെ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഇതേവരെ ജിഷയുടെ ജീവിത സാഹചര്യത്തെപ്പറ്റിയോ അവള്‍ക്കു സമൂഹത്തില്‍ നേരിടേണ്ടിവന്ന അവജ്ഞയെപ്പറ്റിയോ ബുദ്ധിമുട്ടുകളെപ്പറ്റിയോ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: