ഡബ്ലിനിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ : ചാരിറ്റി പ്രവര്‍ത്തകരായ ഡബ്ലിന്‍ സൈമണ്‍ കമ്യുണിറ്റിയുടെ സിറ്റി സെന്റര്‍ കണക്കെടുപ്പിലാണ് 168 ളം ആളുകള്‍ തെരുവുകളിലും പാര്‍ക്കുകളിലും കടവരാന്തകളിലുമാണ് അന്തിയുറങ്ങുന്നതെന്ന് കണ്ടെത്തിയത്. മെര്‍ചന്റ്‌സ് ക്വയ്നൈറ്റ് കഫേയിലും ഫോനിക്സ് പാര്‍ക്കിലുമായി കണക്കിലധികം പേരാണ് രാത്രി ഇടം കണ്ടെത്തുന്നത്.

തല ചായ്ക്കാന്‍ ഇടമില്ലാത്തവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 32 ശതമാനമായി ഉയര്‍ന്നിരുന്നു. 2014 ഡിസംബറില്‍ ലെനിസ്റ്ററിലെ ഒരു വീടിന്റെ വരാന്തയില്‍ ജോനാഥന്‍ കോറി എന്നയാള്‍ മരിച്ചുകിടന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 195 എമര്‍ജന്‍സി കിടക്കകള്‍ വിതരണം ചെയ്തിരുന്നു.

“ഡബ്ലിന്‍ സൈമണിന്റെ കണക്കുകള്‍ പ്രകാരം വീടില്ലാത്തവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 80 ആയിരുന്നതില്‍ നിന്ന് 106 ആയി ഉയര്‍ന്നു. ഈ മാസം ഇത് ശരാശരി 150 ആയിട്ടുണ്ട്. ഞെട്ടിക്കുന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്”- ഡബ്ലിന്‍ സൈമണ്‍ ചാരിറ്റിയുടെ ചിഫ് എക്‌സിക്യുട്ടീവ് സാം മാക്ഗിന്നസ് പറഞ്ഞു .  അടിയന്തിരമായി ഇവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ഇനി അടിയന്തിരമായി എത്ര ഭവനങ്ങള്‍ വേണമെന്ന് ഭവനനിര്‍മ്മാണ മന്ത്രി സൈമണ്‍ കോവ്നി വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

“വളരെ നാളായി ജനങ്ങള്‍ വീടില്ലായ്മ എന്ന പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അനേകം പേരുടെ ജീവിതം ഇതിലൂടെ തകര്‍ന്നു. ഒരു ദിവസം കൂടി അവരെ ഈ നിലയില്‍ തുടരാന്‍ അനുവദിച്ചാല്‍ ഈ 168 ആളുകളുടെ ആരോഗ്യത്തെ അത് പ്രതിസന്ധിയിലാക്കും”. – മാക്ഗിന്നസ് കൂട്ടി ചേര്‍ത്തു.

അതേസമയം പരിസ്ഥിതി വകുപ്പില്‍ നിന്നും കിട്ടിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്ഷം 29 ശതമാനം മുതിര്‍ന്നവര്‍ക്കും 39 ശതമാനം കുട്ടികള്‍ക്കും അടിയന്തിര സഹായം ലഭ്യമാക്കിയിട്ടുണ്ട്.വീടില്ലായ്മ എന്നത് ഗവണ്മെന്റിന്റെ പരിഗണനയിലുള്ള പ്രധാന പ്രശ്‌നമാണ്. എന്നന്നേക്കുമായി ഈ പ്രതിസന്ധി നമുക്ക് പരിഹരിക്കേണ്ടതുണ്ട്. ഭവന നിര്‍മ്മാണ മന്ത്രി സൈമണ്‍ കോവ്നി മാധ്യമങ്ങളോട് പറഞ്ഞു.

ഡബ്ലിന്‍ സൈമണ്‍ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഇതുവരെ ഡബ്ലിനില്‍ 570 ഉം കില്‍ഡറില്‍ 315 ഉം വീടുകള്‍ നിര്‍മ്മിച്ച് നല്കാന്‍ കഴിഞ്ഞു. കൂടാതെ വിക്കലോ, മീത്ത് എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങളും നല്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: