പണിമുടക്കാന്‍ ഗാര്‍ഡകള്‍; ജോലി ചെയ്യാന്‍ ഉത്തരവിട്ട് കമ്മീഷണര്‍

വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന ഗാര്‍ഡകളുടെ പണിമുടക്കിനെതിരെ ഗാര്‍ഡ കമ്മീഷണര്‍ നോയ്റിന് ഒ സുള്ളീവന്‍ രംഗത്തെത്തി. ഗാര്‍ഡ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ കളങ്കപ്പെടുത്തുന്ന നടപടിയാണ് ഈ സമരത്തിലൂടെ ഉണ്ടാകുന്നതെന്ന് അറിയിച്ചാണ് സമരക്കാരുടെ ലീവ് ക്യാന്‍സല്‍ ചെയ്ത് ജോലിക്ക് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ ആഴ്ച ആരംഭിക്കുന്ന സമരം അടുത്ത 3 ആഴ്ചകളിലെ വെള്ളിയാഴ്ചകളില്‍ തുടരുമെന്നും സമരക്കാര്‍ അറിയിച്ചിരുന്നു. ഗാര്‍ഡ നടത്തുന്ന സമരം പൊതു ജനങ്ങള്‍ക്ക് ഫോഴ്സിലുള്ള വിശ്വാസം കുറയ്ക്കുമെന്നാണ് കമ്മീഷണറുടെ അഭിപ്രായം

വേതന നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗാര്‍ഡ റെപ്രസെന്റേറ്റിവ് അതോറിറ്റി (GRA), അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജെന്റ്‌സ് ആന്റ് ഇന്‍സ്പെക്ടേഴ്സ് (AGSI) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 12,500 ഓഫീസര്‍മാരും 24 മണിക്കൂറിനകം സമരത്തില്‍ നിന്ന് പിന്മാറി ജോലിക്ക് ഹാജരാക്കുമെന്ന് അറിയിക്കണമെന്ന് ഗാര്‍ഡ കമ്മീഷന്‍ അയച്ച ഉത്തരവില്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ നടക്കുന്ന തുടര്‍ സമരത്തില്‍ നിന്നും പിന്മാറണം. ഗാര്‍ഡകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് വേണ്ടി 2005 ലെ ഗാര്‍ഡ നിയമ പ്രകാരം ഈ വര്‍ഷത്തെ അവധി ദിവസങ്ങള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

ഗവണ്‍മെന്റ് മുന്നോട്ടു വെച്ച വേതന പ്രൊപ്പോസല്‍ ഗാര്‍ഡ യൂണിയന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് ഗാര്‍ഡ കമ്മീഷണര്‍ സമരക്കാര്‍ക്കെതിരെ കടുത്ത നടപടിയ്ക്ക് ഒരുങ്ങുന്നത്. നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റസ്‌ജെറാള്‍ഡുമായി കൂടിയാലോചിച്ചാണ് കമ്മീഷണര്‍ ഈ തീരുമാനം എടുത്തത്. വെള്ളിയാഴ്ച പണിമുടക്കുന്നവര്‍ക്ക് ശമ്പളം വെട്ടികുറയ്ക്കുമെന്നും സമരം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്നും ഗാര്‍ഡ കമ്മീഷണര്‍ അറിയിച്ചു.
എ എം

Share this news

Leave a Reply

%d bloggers like this: