മയക്കു മരുന്നു ഡീലർ രഹസ്യം ഒളിപ്പിച്ച ചൂണ്ട നഷ്ട്ടപെട്ടു ;429 കോടിയുടെ സ്വത്തിന്റെ രഹസ്യം അറിയാൻ ചൂണ്ടയും തപ്പി ഗാർഡ

മീൻ പിടിക്കുന്ന ഒരു ചൂണ്ടക്ക് കോടികളുടെ വില. ഒരു ചൂണ്ടയും അതിന്റെ കവറും കണ്ടെത്താനുള്ള തത്രപ്പാടിലാണ് അയർലൻഡിലെ ക്രിമിനൽ അസറ്റ്സ് ബ്യൂറോയും ഗാർഡയും. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു ചൂണ്ടയ്ക്ക് പിന്നിൽ എന്താണിത്ര കാര്യമെന്നാകും ആരുടെയും സംശയം. പക്ഷേ, അയർലൻഡിലെ ഒരു മയക്കുമരുന്ന് വിതരണക്കാരന്റെ കോടിക്കണക്കിന് രൂപയുടെ സമ്പത്തിന്റെ ‘താക്കോലാണ്’ ഈ ചൂണ്ടയിലുള്ളത്.

ഡബ്ലിൻ സ്വദേശിയായ ക്ലിഫ്ടൺ കോളിൻസിന്റെ ചൂണ്ടയ്ക്ക് വേണ്ടിയാണ് അയർലൻഡിലെ അന്വേഷണ ഉദ്യോഗസ്ഥർ പരക്കംപായുന്നത്. മയക്കുമരുന്ന് വിതരണക്കാരനായ കോളിൻസ് തന്റെ ബിറ്റ്കോയിൻ സമ്പാദ്യത്തിന്റെ രഹസ്യകോഡുകളെല്ലാം ഈ ചൂണ്ടയിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ കഞ്ചാവുമായി കോളിൻസ് പിടിയിലായതോടെ ഈ ചൂണ്ടയുടെ കാര്യവും ‘ തീരുമാനമായി’ .

കോളിൻസിനെ പോലീസ് പിടിച്ചതോടെ അദ്ദേഹത്തിന്റെ വീട്ടുടമ കോളിൻസിന്റെ എല്ലാ സാധനസാമഗ്രഹികളും വീട്ടിൽനിന്ന് ഒഴിവാക്കിയിരുന്നു. രഹസ്യകോഡ് എഴുതിയ ചൂണ്ടയും ഇതിലുണ്ടായിരുന്നു. കൗണ്ടി ഗാൽവേയിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് ഇതെല്ലാം ഉപേക്ഷിച്ചത്. എന്നാൽ ഇവിടത്തെ ജീവനക്കാരെ ചോദ്യംചെയ്തപ്പോഴാണ് കാര്യങ്ങൾ ഏറെ കുഴഞ്ഞത്. കൗണ്ടി ഗാൽവേയിലെ മാലിന്യങ്ങളെല്ലാം ജർമനിയിലേക്കും ചൈനയിലേക്കും അയച്ചെന്നായിരുന്നു ഇവരുടെ മൊഴി. ഇതുവരെ കണ്ടെത്താൻ കഴിയാത്ത ചൂണ്ടയും ഇക്കൂട്ടത്തിൽപ്പെട്ടുകാണുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ

12 അക്കൗണ്ടുകളിലായി 55 മില്യൺ യൂറോ മൂല്യമുള്ള(ഏകദേശം 428.87 കോടി രൂപ) ബിറ്റ്കോയിൻ സമ്പാദ്യമാണ് കോളിൻസുണ്ടായിരുന്നത്. ബിറ്റ്കോയിൻ സമ്പാദ്യം ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന ഭയംകാരണമാണ് കോളിൻസ് 12 അക്കൗണ്ടുകളിലായി ഇത് സൂക്ഷിച്ചിരുന്നത്. ഈ അക്കൗണ്ടുകളുടെയെല്ലാം രഹസ്യകോഡ് നഷ്ടപ്പെടാതിരിക്കാൻ ഒരു കടലാസിൽ പ്രിന്റ് എടുത്ത് ചൂണ്ടയുടെ കവറിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ 2017 ൽ കഞ്ചാവുമായി പോലീസ് പിടിച്ചതോടെ കാര്യങ്ങൾ തകിടംമറിയുകയായിരുന്നു.

ഡബ്ലിനിലെ ഒരു സുരക്ഷാ ജീവനക്കാരനായിരുന്ന കോളിൻസ് മയക്കുമരുന്ന് വിതരണത്തിലേക്ക് ചുവടുമാറ്റിയതോടെയാണ് വൻ സമ്പത്ത് നേടിയത്. വൻ തോതിലുള്ള മയക്കുമരുന്ന് വിൽപ്പനയിലൂടെ കോടികൾ സമ്പാദിച്ച ഇയാൾ സമ്പത്തെല്ലാം ബിറ്റ്കോയിനായാണ് സൂക്ഷിച്ചിരുന്നത്. ഒരു ചെറുവിമാനം വരെ കോളിൻസിന് സ്വന്തമായി ഉണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, ഇയാളുടെ കൈവശമുണ്ടായിരുന്ന 1.5 മില്യൺ യൂറോ (11 കോടിയോളം രൂപ) മൂല്യം വരുന്ന ബിറ്റ്കോയിൻ സമ്പാദ്യം പോലീസിന് പിടിച്ചെടുക്കാനായിട്ടുണ്ട്. പണമായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം യൂറോയും(ഏകദേശം 78 ലക്ഷം രൂപ) പോലീസ് കോളിൻസിൽനിന്ന് പിടിച്ചെടുത്തു

Share this news

Leave a Reply

%d bloggers like this: