യു.കെ വൈറസ് സ്‌ട്രെയിന്‍ ആശങ്ക പരത്തുന്നു; ലെവല്‍ 5 ലോക്ഡൗണ്‍ നീണ്ടേക്കും

യു.കെയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലും വ്യാപിക്കാമെന്ന ആശങ്ക പങ്കുവച്ച് ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍. നിലവില്‍ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണെന്നും തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രോഗബാധ കുറയ്ക്കുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന വാദം തള്ളിയ മാര്‍ട്ടിന്‍ നിലവിലെ ലെവല്‍ 5 നിയന്ത്രണങ്ങള്‍ പര്യാപതമാണെന്ന് അറിയിച്ചു. നിയന്ത്രണത്തില്‍ വരാത്തത് അവശ്യേതര വസ്തുക്കളുടെ വില്‍പ്പന മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പര്‍ക്കം കുറയ്ക്കുക, ഫേസ് മാസ്‌ക്കുകള്‍ ധരിക്കുക, മറ്റ് നിയന്ത്രണങ്ങള്‍ പാലിക്കുക എന്നിവ തന്നെയാണ് കോവിഡ് തടയാനുള്ള മാര്‍ഗ്ഗങ്ങളെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുകയും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലെവല്‍ 5 നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കേണ്ടതിലെന്ന് Tanaiste Leo Varadker അഭിപ്രായപ്പെട്ടു. രോഗം പിടിപെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയ ശേഷം മാത്രമേ ഇളവുകള്‍ നല്‍കാവൂ. സാഹചര്യങ്ങള്‍ വിലയിരുത്താനായി ജനുവരി 12-ന് വീണ്ടും മന്ത്രിസഭാ യോഗം ചേരും.

നിലവില്‍ അയര്‍ലണ്ടില്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ട കാര്യമില്ലെന്നും Varadkar അഭിപ്രായപ്പെട്ടു. വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ട്രെയിനിങ്, വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ സമ്മതം എന്നിവയിലെ കാലതാമസമാണ് വാക്‌സിന്‍ പദ്ധതി നീളാന്‍ കാരണം.

അതേസമയം വാക്‌സിന്‍ നല്‍കുന്നത് എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികളിലായിരിക്കണമെന്ന് ആരോഗ്യവിദഗദ്ധര്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സിന്‍ കാരണം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. ചില രാജ്യങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അലര്‍ജ്ജിയടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: