പഴയ ഐഫോണുകൾ റീസൈക്കിൾ ചെയ്യാനായി നൽകാൻ അഭ്യർത്ഥിച്ച് ആപ്പിൾ; ഫാക്ടറിയിൽ റീസൈക്ലിങ് നടത്തുന്ന റോബോട്ട് ഡെയ്‌സിയെ പരിചയപ്പെടാം

തങ്ങളുടെ പഴയ ഐഫോണുകള്‍ പുനഃചംക്രമണം (recycle) നടത്താന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ച് ആപ്പിള്‍. കേടായതോ, ഉപയോഗമില്ലാതെ കിടക്കുന്നതോ ആയ പഴയ ഐഫോണുകള്‍ എത്തരത്തിലാണ് കമ്പനിയുടെ ഫാക്ടറിയില്‍ റീസൈക്കിള്‍ ചെയ്യുന്നത് എന്നത് പുറംലോകത്തെ അറിയിക്കാനായി കേന്ദ്രം മാധ്യമങ്ങള്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് ഇതിന്റെ ഭാഗമായി കമ്പനി.

യുഎസ്, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളില്‍ രണ്ട് Daisy robot കേന്ദ്രങ്ങളാണ് ഫോണുകള്‍ റീസൈക്കിള്‍ ചെയ്യാനായി ആപ്പിളിന് ഉള്ളത്. പഴയ ഫോണുകള്‍ അതീവശ്രദ്ധയോടെ ഓരോ ഭാഗങ്ങളായി വേര്‍തിരിച്ച് റോബോട്ടുകളുടെ സഹായത്തോടെ പുനഃചംക്രണം നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ധാരാളം ഫോണുകള്‍ ഇവിടങ്ങളില്‍ എത്തുന്നുണ്ടെങ്കിലും കൂടുതല്‍ കപ്പാസിറ്റിയോടെ ജോലി ചെയ്യാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമെന്നതിനാലാണ് കൂടുതല്‍ പഴയ ഫോണുകള്‍ തങ്ങള്‍ക്ക് നല്‍കാന്‍ ആപ്പിള്‍ അഭ്യര്‍ത്ഥിക്കുന്നത്.

ഭാവിയില്‍ എല്ലാ ഉപകരണങ്ങളും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ പര്യാപ്തമാകും വിധത്തില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാത്ത കമ്പനിയായി (കാര്‍ബണ്‍ ന്യൂട്രല്‍) മാറാനും ആപ്പിള്‍ തയ്യാറെടുക്കുകയാണ്.

കമ്പനിയുടെ നെതര്‍ലണ്ട്‌സിലെ റീസൈക്ലിങ് സെന്ററിലുള്ള റോബോട്ട് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നാണ് ആപ്പിള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നത്. ഇതാദ്യമായാണ് കേന്ദ്രം പത്രപ്രവര്‍ത്തകര്‍ക്കായി തുറന്നുകൊടുക്കുന്നത്. Breda നഗരത്തിലെ ഈ കേന്ദ്രത്തില്‍ വച്ചാണ് യൂറോപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ പഴയ ഐഫോണുകളിടെയും റീസൈക്ലിങ് നടക്കുന്നത്.

ഓരോ ഫോണും വിവിധ ഭാഗങ്ങളായി വേര്‍തിരിക്കാനുള്ള ‘റോബോട്ടിക് കൈകളും’ അവയുടെ പ്രവര്‍ത്തനവും കൗതുകമുണര്‍ത്തുന്നതാണ്. ഫോണുകള്‍ സ്‌കാന്‍ ചെയ്ത് മോഡല്‍ വിവരങ്ങളും മറ്റും കണ്ടെത്തുകയും ചെയ്യും. ശേഷമാണ് ഫോണ്‍ എത്തരത്തില്‍ റീസൈക്കിള്‍ ചെയ്യണമെന്ന് റോബോട്ട് തീരുമാനമെടുക്കുന്നത്.

ഫോണുകളില്‍ നിന്നും ടങ്‌സ്റ്റണ്‍ വേര്‍തിരിച്ചെടുക്കുകയാണ് പ്രധാനമായും ചെയ്യുന്ന കാര്യങ്ങളിലൊന്ന്. സ്പീക്കര്‍, ക്യാമറ ലെന്‍സ്, അലൂമിനിയം ഭാഗങ്ങള്‍ എന്നിവയെല്ലാം വേര്‍തിരിച്ച് വെവ്വേറെ ബോക്‌സുകളിലാക്കി മാറ്റും. ശേഷം ഇവ പ്രത്യേക റീസൈക്ലിങ് വിഭാഗത്തിന് കൈമാറും.

റിപ്പയര്‍ ചെയ്യാന്‍ സാധിക്കാത്ത ഫോണുകളാണ് Dasiy-യുടെ കൈകളില്‍ ഏല്‍പ്പിക്കാറ്. 23 ഐഫോണ്‍ മോഡലുകള്‍ തിരിച്ചറിയാനും, 18 സെക്കന്റുകള്‍ക്കം ഭാഗങ്ങള്‍ വേര്‍പെടുത്താനും Daisy-ക്ക് സാധിക്കും. ഒരു വര്‍ഷം 12 ലക്ഷം ഫോണുകള്‍ വരെ ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ Daisy-ക്ക് കഴിവുണ്ട്.

Share this news

Leave a Reply

%d bloggers like this: