ഒമൈക്രോൺ വ്യാപനം; ഡ്യൂട്ടിക്കെത്തുന്ന ഗാർഡ ഉദ്യോഗസ്ഥരിൽ 1,100 പേരുടെ കുറവ്

അയര്‍ലണ്ടില്‍ കോവിഡ് ബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് ഉള്ളതിലും 1,100 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ കുറവ് മാത്രമാണ് നിലവില്‍ ഡ്യൂട്ടിക്ക് എത്തിയിരിക്കുന്നതെന്ന് Garda Representative Association. വാര്‍ത്ത പുറത്തുവന്നതോടെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്ക് മുമ്പ് സൗജന്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനം ആവിഷ്‌കരിച്ചിരിക്കുകയാണ് An Garda Síochána.

അതേസമയം താല്‍പര്യമുള്ളവര്‍ മാത്രം ടെസ്റ്റിങ് നടത്തിയാല്‍ മതിയെന്നും, ഡ്യൂട്ടിയില്‍ കയറാന്‍ ഇത് നിര്‍ബന്ധമല്ലെന്നും അധികൃതര്‍ പ്രത്യേകം അറിയിച്ചു.

ഓരോ പ്രവൃത്തി ദിവസവും ആന്റിജന്‍ ടെസ്റ്റ് കിറ്റ് നല്‍കുന്ന രീതിയിലാകും സംവിധാനം. ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് ചെയ്ത ശേഷം ഡ്യൂട്ടിക്ക് കയറാം. ഉദ്യോഗസ്ഥരെയും, അവരുടെ കുടുംബത്തെയും, മറ്റുള്ളവരെയും കോവിഡില്‍ നിന്ന് സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നടപടിയെന്ന് An Garda Síochána വ്യക്തമാക്കി.

ഇതിനിടെ രാജ്യത്തെ പല ഡിവിഷനുകളിലെയും ഗാര്‍ഡ ഉദ്യോഗസ്ഥരോട് കാന്റീന്‍, കിച്ചണ്‍ എന്നിവ ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാന്റീനിലും മറ്റും ഉദ്യോഗസ്ഥര്‍ കൂട്ടം കൂടുന്ന സാഹചര്യമുണ്ട്. ഇതോടെ ഉദ്യോഗസ്ഥര്‍ പട്രോള്‍ കാറുകളില്‍ വച്ച് ഭക്ഷണം കഴിക്കേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പട്രോള്‍ കാറുകളിലടക്കം മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഒമൈക്രോണ്‍ വ്യാപനം നടന്നതിന് ശേഷം മാത്രം ആന്റിജന്‍ ടെസ്റ്റ് സംവിധാനം കൊണ്ടുവന്നതിനെതിരെ വിമര്‍ശനവുമുയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: