സ്ലൈഗോയിൽ മോഷണശ്രമം തടയവേ പരിക്കേറ്റ വീട്ടുടമ (73) മരണവുമായി മല്ലിട്ട് ആശുപത്രിയിൽ; കുറ്റവാളികളെ തേടി ഗാർഡ

സ്ലൈഗോയില്‍ കഴിഞ്ഞ മാസം നടന്ന മോഷണത്തിനിടെ വൃദ്ധനായ വീട്ടുടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പൊതുജനസഹായം തേടി ഗാര്‍ഡ.

ജനുവരി 18-ന് Skreen-ലെ തന്റെ വീട്ടില്‍ കൊള്ളക്കാര്‍ നടത്തിയ മോഷണത്തിനിടെയാണ് വീട്ടുടമയായ തോമസ് നിലാന്‍ഡിന് (73) ഗുരുതരമായി പരിക്ക് പറ്റിയത്. ഇദ്ദേഹം നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ കൊള്ളയ്ക്കിടെ തോമസിന് തലയ്ക്കും, ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊള്ളക്കാര്‍ ചെറിയൊരു തുക മാത്രമാണ് കവര്‍ന്നതെങ്കിലും തോമസ് മരണവുമായി മല്ലിടുകയാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ആരാണെന്ന് പലര്‍ക്കും അറിയാമെന്നും, ഇവരെ പറ്റി വിവരങ്ങള്‍ നല്‍കണമെന്നും സ്ലൈഗോ ഗാര്‍ഡ സൂപ്രണ്ട് മാന്‍ഡി ഗെയ്‌നോര്‍ പറഞ്ഞു.

നിലവില്‍ സിസിടിവി ദൃശ്യങ്ങളും, ഏതാനും പേരുടെ മൊഴികളും അടിസ്ഥാനമാക്കി ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്.

സംഭവ ദിവസം വൈകിട്ട് 7 മണിയോടെ കൊള്ളക്കാര്‍ ഒരു കാറില്‍ കടന്നുകളഞ്ഞതായാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പുറത്തേയ്ക്ക് ഇഴഞ്ഞെത്തിയ തോമസ് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

നിലവില്‍ സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് തോമസ്.

Share this news

Leave a Reply

%d bloggers like this: