ഡബ്ലിൻ നഗരത്തിൽ യുവാവിനെ കൗമാരക്കാർ സംഘം ചേർന്ന് ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് ജീവന് വേണ്ടി പോരാടുന്നു

ഡബ്ലിന്‍ Luas stop ല്‍ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. പത്തിലധികം കൗമാര പ്രായക്കാരായ ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവാവിന് തലച്ചോറില്‍ രക്തസ്രാവമുള്ളതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണമുണ്ടായത്.

ഇലക്ട്രിക് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഇവര്‍ തടഞ്ഞുവയ്ക്കുകയും, ശേഷം യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം ഇയാളുടെ സ്കൂട്ടര്‍ മോഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദ്ദനമേറ്റ് തലയോട്ടി തകര്‍ന്ന യുവാവിനെ ഇവിടെ ഉപേക്ഷിച്ച ശേഷം അക്രമി സംഘം കടന്നുകളയുകയും ചെയ്തു.

സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തതിലാണ് നിലവില്‍ ഈ കേസിന്റെ അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാര്‍ഡ. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരോ, സംഭവം നടക്കുന്ന സമയത്ത് ഈ സ്ഥലത്ത് ഉണ്ടായിരുന്നവരോ ഗാര്‍ഡയെ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലോ(01 666 8000), ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ(1800 666 111) ആണ് ബന്ധപ്പെടേണ്ടത്.

Share this news

Leave a Reply

%d bloggers like this: