ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 151 പേർക്ക് ദാരുണാന്ത്യം ; ഇരുനൂറിലധികം ആളുകൾക്ക് പരിക്ക്

ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവീൻ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക്‌ പരിക്കേറ്റതായാണ് ലഭ്യമാവുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ വിദേശികളാണെന്നും സ്ഥിരീകരണമുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
സിയോളിലെ ഇറ്റേവണിലെ ഹാമിൽട്ടൺ ഹോട്ടലിന്‌ സമീപം ശനിയാഴ്‌ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. പതിനായിരങ്ങള്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഇവിടെ ഒത്തുകൂടിയിരുന്നു. ഹോട്ടലിന്റെ ഇടുങ്ങിയ വഴിയിൽ കുടുങ്ങി ആളുകൾക്ക് ശ്വാസംമുട്ടുകയായിരുന്നു.

കുഴഞ്ഞുവീണവരെ പൊലീസും ഫയർഫോഴ്‌സും ചേർന്നാണ്‌ ആശുപത്രിയിലാക്കിയത്‌. നൂറുകണക്കിന് കടകളുള്ള മെഗാസിറ്റിയാണ്‌ ദുരന്തം നടന്ന ഇറ്റാവൺ. സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൽ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവുമെത്തിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: