ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം ; ബ്രസീൽ , അർജന്റീന ടീമുകൾ ഇന്ന് കളത്തിൽ

ഖത്തര്‍ ലോകകപ്പിലെ അവസാന എട്ടുടീമുകള്‍ മാറ്റുരയ്ക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാറ്റിനമേരിക്കന്‍ കരുത്തുമായെത്തുന്ന ബ്രസീല്‍ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ബ്രസീല്‍ – ക്രൊയേഷ്യ പോരാട്ടം.

ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ താരം മെസിയുടെ നേതൃത്വത്തിലിറങ്ങുന്ന അര്‍ജന്റീന നെതര്‍ലന്‍ഡ്‍സിനെ നേരിടും. ആദ്യമത്സരത്തില്‍ സൌദിയോട് പരാജയം വഴങ്ങിയ അര്‍ജന്റീന പിന്നിടുള്ള മത്സരങ്ങളില്‍ വളരെ ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.

മെസി മികച്ച ഫോമിലാണെന്നതും, ടീമിലെ യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും അര്‍ജന്റീനയ്ക്ക് ഗുണം ചെയ്യും. പരിക്കേറ്റ ഡി പോള്‍ ഇന്നത്തെ മത്സരത്തില്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകളാണ് അര്‍ജന്റൈന്‍ ക്യാംപില്‍ നിന്നും പുറത്തുവരുന്നത്. ഡി മരിയ ടീമിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ചും ഇതുവരെ സ്ഥിരീകരണമില്ല. മറുവശത്ത് ലോകകപ്പിലെ അപരാജിത മുന്നേറ്റം തുടര്‍ന്ന് സെമി ഫൈനല്‍ യോഗ്യത ലക്ഷ്യമിട്ടാണ് നെതര്‍ലന്‍ഡ്സ് ടീം കളത്തിലിറങ്ങുക.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ കാമറൂണിനോടേറ്റ പരാജയത്തിന്റെ ക്ഷീണം പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി തീര്‍ത്തുകൊണ്ടാണ് കാനറിപ്പട ക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്. ടീം മികച്ച കെട്ടുറപ്പോടെ കളം വാഴുന്നതും, താരങ്ങള്‍ വ്യക്തിഗത മികവ് പുലര്‍ത്തുന്നതും ടീമിന് ഗുണം ചെയ്യും. സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തിയതും ബ്രസീലിന് ശക്തികൂട്ടും.

Share this news

Leave a Reply

%d bloggers like this: