ഡബ്ലിനിൽ ചൈനീസ് പൗരനെ വംശീയമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 16-കാരൻ കുറ്റക്കാരനെന്ന് കോടതി

ഡബ്ലിനില്‍ ചൈനീസ് പൗരനെ അപമാനിക്കുകയും, ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 16-കാരന്‍ കുറ്റക്കാരനെന്ന് കോടതി. 2021 ഡിസംബറിലാണ് മകളുടെ മുന്നില്‍ വച്ച് പരാതിക്കാരനായ ചൈനീസ് പൗരനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും, വംശീയമായി അധക്ഷേപിക്കുകയും, മാപ്പ് പറയിക്കുകയും ചെയ്തത്. പ്രതിയുടെ അനുജനായ കുട്ടി തന്റെ മേല്‍ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം.

അതേസമയം കുറ്റം നിഷേധിച്ച 16-കാരന്‍, താന്‍ തന്റെ അനുജനെ സംരക്ഷിക്കുകയായിരുന്നുവെന്നും, സ്വയംപ്രതിരോധം നടത്തുകയായിരുന്നുവെന്നും വാദിച്ചു. അനുജന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ദേഹത്ത് വെള്ളം തെറിപ്പിച്ചത് ചൈനീസ് പൗരന്‍ ചോദ്യം ചെയ്തതാണ് കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിലേയ്ക്ക് നയിച്ചത്. മാപ്പ് പറയും വരെ വിടില്ല എന്നായിരുന്നു അക്രമികള്‍ പറഞ്ഞത്.

ആക്രമണം നേരിട്ട ശേഷം പരിക്കുകളുമായി ഇദ്ദേഹം ഗാര്‍ഡ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ നോക്കിനില്‍ക്കേ പ്രതി, ഇദ്ദേഹത്തെ പലതവണ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വാദത്തിനിടെ തെളിവായി. ഇദ്ദേഹത്തെ ആക്രമിച്ചതായി പ്രതി കോടതിയില്‍ സമ്മതിച്ചു.

സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം ഗാര്‍ഡ 16-കാരനെ അറസ്റ്റ് ചെയ്തിരുന്നു.

തന്റെ അനുജനെ കയ്യേറ്റം ചെയ്തതിനാല്‍ താന്‍ പരാതിക്കാരനെ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്. പരാതിക്കാരന്‍ തന്നെ ചവിട്ടിയതായും ഇയാള്‍ പറഞ്ഞു.

എന്നാല്‍ പ്രതി പ്രതിരോധിക്കുകയല്ലായിരുന്നു, ആക്രമിക്കുകയായിരുന്നു എന്ന് നിരീക്ഷിച്ച കോടതി, കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.

Share this news

Leave a Reply

%d bloggers like this: