അയർലണ്ടിലെ മലയാളികളുടെ എണ്ണം 24,000-ൽ അധികം; രാജ്യത്ത് പ്രബല വിഭാഗമായി കേരളീയർ

അയര്‍ലണ്ടില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ഏപ്രിലിലെ സെന്‍സസ് പ്രകാരം രാജ്യത്ത് 24,674 പേരാണ് മലയാളം സംസാരിക്കുന്നവരായി ഉള്ളത്. അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ പത്താം സ്ഥാനത്താണ് മലയാളം.

പോളിഷാണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷ. 123,968 പേര്‍ പോളിഷ് സംസാരിക്കുന്നു.

അതേസമയം ഇന്ത്യന്‍ ഭാഷകളായ ഉര്‍ദു, ഹിന്ദി എന്നിവ സംസാരിക്കുന്നവര്‍ മലയാളികളെക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 16,307 പേരാണ് അയര്‍ലണ്ടില്‍ ഉര്‍ദു സംസാരിക്കുന്നവരായി ഉള്ളത്. ഹിന്ദി സംസാരിക്കുന്നവരാകട്ടെ 13,902 പേരും. മലയാളികള്‍ അയര്‍ലണ്ടില്‍ പ്രബല വിഭാഗമായി വളരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

അതോടൊപ്പം അയർലണ്ടിൽ ജനിച്ച് മലയാളം സംസാരിക്കാൻ സാധിക്കുന്ന കുട്ടികളുടെ എണ്ണം 3,453 ആണ്. അയർലണ്ടിൽ ജനിച്ച കുട്ടികളിൽ ഏറ്റവുമധികം പേർ സംസാരിക്കുന്ന വിദേശ ഭാഷ ഫ്രഞ്ച് ആണ്. മലയാളം ഇക്കാര്യത്തിൽ 13-ആം സ്ഥാനത്താണ്.

രാജ്യത്ത് ഏറ്റവും കൂടുതലുള്ള ഐറിഷ് ഇതര പൗരന്മാര്‍, പോളണ്ടുകാരും, ഇംഗ്ലണ്ടുകാരുമാണ്. പിന്നാലെ ഇന്ത്യക്കാര്‍, റൊമാനിയക്കാര്‍, ലിത്വാനിയക്കാര്‍ എന്നിവരാണ്. ബ്രസീലുകാര്‍, ഇറ്റലിക്കാര്‍, ലാത്വിയക്കാര്‍, സ്പാനിഷുകാര്‍ എന്നിവരുടെയും വലിയ സാന്നിദ്ധ്യം രാജ്യത്തുണ്ട്.

Share this news

Leave a Reply

%d bloggers like this: