അയർലണ്ടിലെ 2,000 അഗ്നിശമനസേനാ കരാർ ജോലിക്കാർ സമരത്തിൽ

ജോലിസമയം, ശമ്പളം എന്നിവയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ 2,000-ഓളം അഗ്നിശമനസേനാ കരാർ ജോലിക്കാര്‍ സമരത്തില്‍. ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ച സമരത്തില്‍, ട്രെയിനിങ് ഡ്രില്ലുകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സേനാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ജൂണ്‍ 20-ഓടെ സമരം ശക്തമാക്കാനും, ഈ ദിവസം എല്ലാ തരത്തിലുമുള്ള പണിമുടക്ക് നടത്താനുമാണ് അംഗങ്ങളുടെ തീരുമാനം.

അഗ്നിശമന സേനയില്‍ ശരിയായി റിക്രൂട്ട്‌മെന്റ് നടത്തുന്നതിലും, സേനാംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും അധികൃതര്‍ പരാജയപ്പെട്ടതായി തൊഴിലാളി സംഘടനയായ Siptu പറഞ്ഞു. അഗ്നിരക്ഷാ മേഖല സ്തംഭിക്കാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

ശമ്പള കാര്യത്തില്‍ Local Government Management Association (LGMA)-മായി നേരത്തെ ചര്‍ച്ച നടത്തിയിട്ടും അനുഭാവപൂര്‍ണ്ണമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് Siptu വ്യക്തമാക്കി. എന്നാല്‍ നിലവിലെ കരാര്‍ കാലാവധി അവസാനിക്കാതെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് LGMA പറയുന്നത്.

രാജ്യത്തെ 1,200 സ്ഥിരം അഗ്നിശമന സേനാംഗങ്ങളെ പോലെയല്ലാതെ, ആവശ്യമുള്ള സമയത്ത് മാത്രം വിളിക്കുമ്പോള്‍ വരുന്ന ജോലിക്കാരാണ് ഇപ്പോള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് ഓരോ തവണ വിളിക്കുമ്പോഴും മണിക്കൂറിന് 20 മുതല്‍ 80 യൂറോ വരെയാണ് ശമ്പളം നല്‍കുന്നത്. വര്‍ഷം 8,000 മുതല്‍ 12,000 യൂറോ വരെ വേറെയും നല്‍കും. വര്‍ഷം ഇത്തരത്തില്‍ 18,000 മുതല്‍ 45,000 യൂറോ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇവര്‍ക്ക് വേറെ ജോലികളില്‍ ഏര്‍പ്പെടാമെങ്കിലും ഫയര്‍‌സ്റ്റേഷന് സമീപം തന്നെ, പെട്ടെന്ന് വിളിച്ചാല്‍ ഓടിയെത്താവുന്ന രീതിയില്‍ സുസജ്ജരായിരിക്കണം.

Share this news

Leave a Reply

%d bloggers like this: