ആഹാ അയർലണ്ട്! 2024 ടി20 ലോകകപ്പിന് യോഗ്യത നേടി ഐറിഷ് ക്രിക്കറ്റ് ടീം

2024 പുരുഷ ടി20 വേള്‍ഡ് കപ്പിന് അയര്‍ലണ്ടും. സ്‌കോട്ട്‌ലണ്ടില്‍ ഇന്നലെ ജര്‍മ്മനിക്കെതിരായ യോഗ്യതാ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അയര്‍ലണ്ട് വേള്‍കപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്.

നേരത്തെ ഇറ്റലി, ഡെന്മാര്‍ക്ക്, ഓസ്ട്രിയ, ജേഴ്‌സി ടീമുകളോട് ടൂര്‍ണ്ണമെന്റില്‍ പോരാടി ജയിച്ച അയര്‍ലണ്ടിന്, ലോകകപ്പ് യോഗ്യത നേടാന്‍ ഒരു പോയിന്റ് മാത്രമേ ആവശ്യമായിരുന്നുള്ളൂ. മഴമൂലം ഉപേക്ഷിച്ച മത്സരത്തില്‍ അയര്‍ലണ്ടും, ജര്‍മ്മനിയും ഓരോ പോയിന്റ് പങ്കിട്ടതോടെ അയര്‍ലണ്ടിന് സീറ്റ് ഉറപ്പായി.

അതേസമയം യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിന് സ്‌കോട്ട്‌ലണ്ടിനെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇന്ന് വൈകിട്ട് 3.30-നാണ് മത്സരം. ഇതിലെ വിജയികളാണ് ടൂര്‍ണ്ണമെന്റില്‍ മുഴുവന്‍ വിജയവും കരസ്ഥമാക്കുന്ന ടീമാകുക.

ഓഗസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഡബ്ലിനില്‍ നടക്കുന്ന ടി20 മത്സരങ്ങളില്‍ അയര്‍ലണ്ടിന് ആത്മവിശ്വാസമേകുന്നതാണ് ഈ വിജയങ്ങളെന്ന് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് പറഞ്ഞു. ഓഗസ്റ്റ് 18, 23 തീയതികളിലായാണ് രണ്ട് ടി20 മത്സരങ്ങളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുക.

Share this news

Leave a Reply

%d bloggers like this: