നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കോവിഡാനന്തര ആരോഗ്യപ്രശ്നമായേക്കാം

അയര്‍ലണ്ടില്‍ ആകെ ജനസംഖ്യയുടെ 5 ശതമാനത്തിലേറെ കോവിഡിന് ശേഷം ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി പഠനം. സ്വതന്ത്ര TD-യായ Denis Naughten, രാജ്യത്തെ പ്രശസ്ത പോളിങ് കമ്പനിയായ Ireland Thinks-മായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭ്യമായത്.

രാജ്യത്തെ 192,000 പേര്‍ക്ക് കോവിഡാനന്തര ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് പഠനത്തില്‍ വെളിവായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:

രാജ്യത്തെ 5.1% ആളുകളും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്.

കോവിഡാനന്തര ആരോഗ്യപ്രശ്‌നമുള്ളവരില്‍ 76% പേര്‍ക്കും ദൈനംദിന കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

ക്ഷീണം (68% പേര്‍), ശ്വസിക്കാന്‍ ബുദ്ധിമുട്ട് (50%), ഉറക്കമില്ലായ്മ/ സാധാരണ രീതിയിലല്ലാത്ത ഉറക്കം (42%) എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

18-34 പ്രായക്കാരിലാണ് (51%) 65-ന് മേല്‍ പ്രായമുള്ളവരെ (10%) അപേക്ഷിച്ച് കോവിഡിന് ശേഷം ഓര്‍മ്മക്കുറവ് ഉള്ളത്.

2022 നവംബറില്‍ TD Naughten-ന്റെ തന്നെ നേതൃത്വത്തില്‍ നടന്ന സമാനമായ പഠനത്തില്‍ ജനസംഖ്യയുടെ 6% പേര്‍ക്ക് കോവിഡാനന്തര ആരോഗ്യപ്രശ്ങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്. പുതിയ പഠനത്തില്‍ ചെറിയ രീതിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന്റെ കാരണം വ്യക്തമല്ല. HSE നടത്താനിരിക്കുന്ന ഔദ്യോഗികപഠനത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം രാജ്യത്ത് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാനുള്ള ഏക സ്ഥലം Tallaght ആശുപത്രിയാണ്. പക്ഷേ ഇവിടെ 15 മുതല്‍ 35 ആഴ്ച വരെ ആളുകള്‍ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതിന് മാറ്റം വരണമെന്നും, വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും സംയുക്തമായി പ്രത്യേക ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും TD Naughten പറഞ്ഞു.

ജൂലൈ 5 മുതല്‍ 18 വരെ, 1,004 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടന്നത്.

Share this news

Leave a Reply

%d bloggers like this: