അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 27 ഡിഗ്രിയിലേയ്ക്ക് ഉയരും. 26 ഡിഗ്രി വരെ ഉയരുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും ചൂട് അതിലും വര്‍ദ്ധിക്കുമെന്ന് Met Eireann വ്യക്തമാക്കി.
ചൂട് വര്‍ദ്ധിക്കുമെന്നത് മുന്നില്‍ക്കണ്ട് രാജ്യമെങ്ങും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 8 മണിവരെ തുടരും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനില 27 ഡിഗ്രി വരെയും, ചിലപ്പോള്‍ അതിന് മുകളിലും ഉയരും. തീരപ്രദേശങ്ങളില്‍ പക്ഷേ പരമാവധി 15 ഡിഗ്രി വരെയേ ചൂട് അനുഭവപ്പെടൂ.
ചൂട് വര്‍ദ്ധിക്കുന്നത് പലര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഉറക്കത്തിനും പ്രശ്‌നങ്ങള്‍ നേരിട്ടേക്കും. അതിനാല്‍ കഴിയുന്നതും നേരിട്ട് വെയിലേല്‍ക്കാതിരിക്കാനും, സണ്‍സ്‌ക്രീന്‍ ലോഷനുകളും, ദേഹം മൂടുന്ന വസ്ത്രങ്ങളും ഉപയോഗിക്കാനും ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുകയും വേണം.