അയർലണ്ടിലെ ഏറ്റവും വിശ്വസനീയ സ്ഥാപനം ക്രെഡിറ്റ് യൂണിയനുകൾ; പട്ടികയിൽ തലകുനിച്ച് ദേശീയ ചാനലായ RTE

അയര്‍ലണ്ടിലെ ഏറ്റവും മോശവും, വിശ്വാസ്യത ഏറ്റവും കുറഞ്ഞതുമായ സ്ഥാപനങ്ങളിലൊന്നായി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താപ്രക്ഷേപണ കേന്ദ്രമായ RTE. ഏറ്റവും പുതിയ ഐറിഷ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ടില്‍, ഉപഭോക്തൃ സംതൃപ്തിയില്‍ 17 ശതമാനവും, വിശ്വാസ്യതയില്‍ 25 ശതമാനവും കുറവാണ് ദേശീയ വാര്‍ത്താപ്രക്ഷേപണകേന്ദ്രം രേഖപ്പെടുത്തിയത്. ചാനലിലെ ജനകീയ പരിപാടിയായ ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനായിരുന്ന റയാന്‍ ടബ്രൈഡിക്ക് അധികശമ്പളം നല്‍കിയത് വിവാദമായത് ചാനലിന്റെ യശസ്സ് കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

അതേസമയം ടബ്രൈഡിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ലെന്നും, ഒരേ പരിപാടികള്‍ തന്നെ പുനഃസംപ്രേഷണം ചെയ്യുക, RTE Player-ന്റെ സാങ്കേതികപ്രശ്‌നങ്ങള്‍ എന്നിവയും സ്ഥാപനത്തെ ജനകീയമാക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് ഏറ്റവും വിശ്വാസ്യത കുറഞ്ഞതും, ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കാത്തതുമായ മറ്റ് സ്ഥാപനങ്ങളായി റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത് Ticketmaster, NCT, Amazon എന്നിവയാണ്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിങ്ങനെ 150 സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് സര്‍വേ നടത്തിയത്. ഇതില്‍ 85% ബ്രാന്‍ഡുകളും നില മെച്ചപ്പെടുത്തിയപ്പോള്‍ ഏറ്റവും നേട്ടം കൊയ്തത് രാജ്യത്തെ ക്രെഡിറ്റ് യൂണിയനുകളാണ്.

2015-ല്‍ സര്‍വേ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷവും ക്രെഡിറ്റ് യൂണിയനുകള്‍ തന്നെയാണ് പട്ടികയില്‍ തലപ്പത്ത്. ഇത്തവണയാകട്ടെ ഉപഭോക്തൃ സംതൃപ്തി, വിശ്വാസ്യത എന്നിവ വര്‍ദ്ധിപ്പിച്ച് മറ്റ് സ്ഥാപനങ്ങളെക്കാള്‍ ഏറെ മുന്നിലെത്തുകയും ചെയ്തു ഇവ.

Power City, Smyths Toystore, Specsavers എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള കമ്പനികള്‍. Laya Healthcare, M&S Simply Food, Dunnes എന്നിവ ആദ്യ പത്തിലുണ്ട്.

Share this news

Leave a Reply

%d bloggers like this: