ഡബ്ലിനിൽ വീടുകൾക്ക് ഡിമാൻഡ് കുറഞ്ഞു; ഡബ്ലിന് പുറത്ത് വില കുതിച്ചുയരുന്നു

അയര്‍ലണ്ടിലെ ഭവനവില വര്‍ദ്ധന തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഡബ്ലിന് പുറത്ത് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 3.1% ആണ്. അതേസമയം ഡബ്ലിനിലെ വീടുകള്‍ക്ക് ഈ കാലയളവിനിടെ 1.9% വില കുറയുകയാണുണ്ടായതെന്നും Residential Property Price Index (RPPI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.9% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്.

2023 ഓഗസ്റ്റ് മാസത്തില്‍ ആകെ 4,640 വീടുകളുടെ വില്‍പ്പനയാണ് അയര്‍ലണ്ടില്‍ നടന്നത്. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 8% കൂടുതലാണിത്.

2022 ഓഗസ്റ്റ് മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വില്‍പ്പന നടന്ന വീടുകളുടെ ശരാശരി വില 320,000 യൂറോ ആണ്. അതേസമയം ഏറ്റവും കൂടിയ വിലയ്ക്ക് വീടുകള്‍ വിറ്റുപോയ എയര്‍കോഡ് A94 Blackrock പ്രദേശമാണ്- ശരാശരി വില 735,000 യൂറോ. ഏറ്റവും കുറവ് വിലയ്ക്ക് വീടുകള്‍ വിറ്റതാവട്ടെ F45 Castlerea-യിലും- ശരാശരി വില 135,000 യൂറോ.

ഡബ്ലിന് പുറത്ത് ഭവനവില ഏറ്റവുമധികം വര്‍ദ്ധിച്ച പ്രദേശങ്ങള്‍ കോര്‍ക്ക്, കെറി (4.4%) എന്നിവിടങ്ങളാണ്. Laois, Longford, Offaly, Westmeath, Galway, Mayo, Roscommon തുടങ്ങിയ സ്ഥലങ്ങളില്‍ 2.1% ആണ് ഒരു വര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധന.

Share this news

Leave a Reply

%d bloggers like this: