അയർലണ്ടിലേക്ക് മനുഷ്യക്കടത്ത്; ഡോണഗലിൽ രണ്ട് പേർ അറസ്റ്റിൽ

അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്ന രണ്ട് ലാത്വിയന്‍ പൗരന്മാരെ ഡോണഗലില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. 28, 35 പ്രായമുള്ള രണ്ട് ലാത്വിയ സ്വദേശികളെ ചൊവ്വാഴ്ച രാവിലെയാണ് യൂറോപോളിന്റെ സഹായത്തോടെ ഗാര്‍ഡ പിടികൂടിയത്. സംഘടിത കുറ്റകൃത്യം നടത്തിയതിനുകൂടിയാണ് അറസ്റ്റ്.

അയര്‍ലണ്ടിലേയ്ക്ക് ലാത്വിയയില്‍ നിന്നും ആളുകളെ അനധികൃതമായി എത്തിച്ച്, ജോലി ചെയ്യിച്ച് ചൂഷണം ചെയ്തുവരികയായിരുന്നു പ്രതികള്‍. ലാത്വിയന്‍ പൊലീസുമായി ചേര്‍ന്നാണ് ഗാര്‍ഡ അന്വേഷണം നടത്തിയത്. യൂറോപോളും അന്വേഷണത്തില്‍ സഹായിച്ചു.

ഡോണഗലില്‍ ചൊവ്വാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ യൂറോപോള്‍ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.

രാജ്യത്ത് മനുഷ്യക്കടത്തിനും, ചൂഷണത്തിനും ഇരയാകുന്നവരും, അത്തരത്തിലുള്ളവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവരും ഏതെങ്കിലും ഗാര്‍ഡ ഉദ്യോഗസ്ഥരെയോ, ഗാര്‍ഡ സ്‌റ്റേഷനിലോ, അതുമല്ലെങ്കില്‍ 1800 666 111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ഫോണ്‍ നമ്പറിലോ വിളിച്ച് വിവരം അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: