അയർലണ്ടിലെ പ്രബലവിഭാഗമായി ഇന്ത്യക്കാർ; സെൻസസ് വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

അയര്‍ലണ്ടിലെ വിദേശികളില്‍ പ്രബലവിഭാഗമായി ഇന്ത്യക്കാര്‍ മാറുന്നു. Central Statistics Office (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022-ലെ വൈവിദ്ധ്യത, കുടിയേറ്റം, വംശം, അയര്‍ലണ്ടിലെ ട്രാവലര്‍ വിഭാഗം, മതം എന്നിവയുമായി ബന്ധപ്പെട്ട സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍

2022 സെന്‍സസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 5,149,139 ആണ്. 2016-ലെ സെന്‍സസില്‍ നിന്നും 8% ജനസംഖ്യാ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആകെ ജനങ്ങളില്‍ 4,283,490 പേര്‍ ഐറിഷ് പൗരന്മാരാണ്. ബാക്കി 631,785 പേര്‍ ഐറിഷ് ഇതര പൗരന്മാരുമാണ് (12%).

അയര്‍ലണ്ടിലെ ആകെ ജനസംഖ്യയില്‍ 45,429 പേരാണ് ഇന്ത്യക്കാര്‍. പോളണ്ട് (93,680), യു.കെ- വടക്കന്‍ അയര്‍ലണ്ട് (83,347), റൊമാനിയ (43,323) എന്നിവരാണ് ഇന്ത്യ കൂടാതെ അയര്‍ലണ്ടിലെ പ്രബലരായ വിദേശികള്‍.

ഇന്ത്യന്‍ കുടിയേറ്റത്തിന്റെ കുത്തൊഴുക്ക്

സെന്‍സസ് നടക്കുന്നതിന് തൊട്ടുമുമ്പത്തെ വര്‍ഷമായ 2021-ല്‍ 10,593 ഇന്ത്യക്കാരാണ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയത്. 2016 സെന്‍സസ് കാലത്തെക്കാള്‍ 315% അധികമാണിതെന്നും CSO റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ നിന്നും പുതുജീവിതം തേടി അയര്‍ലണ്ടിലെത്തുന്നവരുടെ എണ്ണത്തില്‍ കുത്തൊഴുക്കുണ്ടാകുന്നതായാണ് ഇത് വ്യക്തമാക്കുന്നത്. 2021-ല്‍ അയര്‍ലണ്ടിലേയ്ക്ക് ഏറ്റവുമധികം പേര്‍ കുടിയേറി എത്തിയതും ഇന്ത്യയില്‍ നിന്നുമാണ്.

അതേസമയം 2021-ല്‍ 4,689 ബ്രസീലിയന്‍ പൗരന്മാരാണ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയിരിക്കുന്നത്. 2016-നെ അപേക്ഷിച്ച് 2% മാത്രമാണ് വര്‍ദ്ധന.

ഇതേ വര്‍ഷം 4,174 സ്പാനിഷ് പൗരന്മാരും അയര്‍ലണ്ടില്‍ ജീവിതമാരംഭിച്ചിട്ടുണ്ട്. 2016-നെക്കാള്‍ 43% അധികമാണ് സ്പാനിഷ് കുടിയേറ്റം.

ഐറിഷ് ട്രാവലേഴ്‌സ് എന്ന പ്രാചീന സമൂഹം

അയര്‍ലണ്ടിലെ പ്രാചീന സമൂഹമായ ട്രാവലേഴ്‌സ് (ഐറിഷ് ട്രാവലേഴ്‌സ്) വിഭാഗത്തില്‍ നിലവില്‍ 32,949 അംഗങ്ങളാണുള്ളതെന്ന് 2022 സെന്‍സസില്‍ പറയുന്നു. 2016-ല്‍ ഇത് 30,987 ആയിരുന്നു- വര്‍ദ്ധന 6%. ആകെ ജനസംഖ്യയുടെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ട്രാവലര്‍ വിഭാഗം ഉള്ളത്.

Share this news

Leave a Reply

%d bloggers like this: