HSE-ക്ക് നേരെ വീണ്ടും സൈബർ ആക്രമണം

Health Service Executive (HSE)-ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. വിദേശ ക്രിമിനലുകളാണ് ആക്രമണം നടത്തിയതെന്നാണ് സംശയമെന്നും, ആക്രമണം HSE പ്രവര്‍ത്തനങ്ങളെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗികളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്.

HSE-യിലെ റിക്രൂട്ട്‌മെന്റുകള്‍ ഭാഗികമായി ഓട്ടോമാറ്റിക് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന EY എന്ന കമ്പനിയാണ് സൈബര്‍ ആക്രമണം നടന്നതായി HSE-ക്ക് വിവരം നല്‍കിയത്. ഇവര്‍ ഉപയോഗിക്കുന്ന MoveIT എന്ന സോഫ്റ്റ്‌വെയറില്‍ ആണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്ന 20-ഓളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നാണ് HSE പറയുന്നത്. പേരുകള്‍, വിലാസങ്ങള്‍, മൊബൈല്‍ നമ്പറുകള്‍, ജോലി വിവരം എന്നിവ ഹാക്കര്‍മാര്‍ക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. വിവരങ്ങള്‍ ചോര്‍ന്നവരെ HSE ബന്ധപ്പടും.

മറ്റ് വ്യക്തിവിവരങ്ങളോ, സാമ്പത്തിക വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് HSE വ്യക്തമാക്കി.

സംഭവത്തില്‍ Data Protection Commission അടക്കമുള്ളവരുമായി HSE ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

2022-ല്‍ HSE-ക്ക് നേരെ നടന്ന വമ്പന്‍ സൈബര്‍ ആക്രമണത്തില്‍ രോഗികളുടെയും, ജീവനക്കാരുടെയും വിവരങ്ങളടക്കം സുപ്രധാനമായ പല കാര്യങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തുകയും, തുടര്‍ന്ന് IT സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. രാജ്യമെങ്ങും സര്‍ജറികളും, പരിശോധനകളും മാറ്റിവയ്‌ക്കേണ്ടതായും വന്നു. വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ വമ്പന്‍ തുക ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: