ഇന്ത്യയിലെ വിവിധഭാഷാ ചിത്രങ്ങളില്‍ ഒരുപോലെ തിളങ്ങിയ നടനാണ് കമല്‍ ഹാസന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘വിക്ര’ത്തിലൂടെ മടങ്ങിയെത്തിയ കമല്‍, തന്റെ താരപദവിക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ഈയിടെ ചെന്നൈയിലെ ഒരു സ്വകാര്യ കോളജില്‍ അതിഥിയായി പോയ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
യുവാക്കള്‍ക്കിടയിലെ ആത്മഹത്യാപ്രവണതയെ കുറിച്ചുള്ള ചോദ്യത്തിന്, ഒരുകാലത്ത് താനും ആത്മഹത്യ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. 20-21 വയസ് മാത്രമുണ്ടായിരുന്ന സമയത്ത്, കലാരംഗത്ത് കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോഴായിരുന്നു അത്.
എന്നാല്‍ ആത്മഹത്യ ഒരു പരിഹാരമല്ല എന്ന് ഉറച്ചുവിശ്വസിക്കുകയായിരുന്നു താനെന്ന് കമല്‍ പറയുന്നു. ജീവിതം എല്ലാ കാലത്തും ഇരുട്ടിലായിരിക്കില്ലെന്നും, ഒരുദിവസം ഉറപ്പായും പുലരി നിങ്ങളെ തേടിവരുമെന്നും പറഞ്ഞ അദ്ദേഹം, അതിന് ശേഷം കുറച്ച് കഠിനാദ്ധ്വാനം കൂടി ചെയ്താല്‍ ജീവിതവിജയം കൈവരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
അബ്ദുള്‍ കലാം പറഞ്ഞതുപോലെ ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങളല്ലാതെ, നിങ്ങളെ ഉറങ്ങാനനുവദിക്കാത്ത സ്വപ്‌നങ്ങള്‍ കാണണമെന്നും കമല്‍ പറഞ്ഞു. മരണം ജീവിതത്തിലെ ഒരു അദ്ധ്യായമാണെന്നും, അത് വരുമ്പോള്‍ വരട്ടെയെന്നും, നമ്മള്‍ അതിനെ അന്വേഷിച്ചു പോകേണ്ടതില്ലെന്നും കമല്‍ വ്യക്തമാക്കി.
നമ്മള്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ട് അത് സാധ്യമായില്ലെങ്കിലും അതില്‍ വിഷമിക്കരുതെന്നും, എപ്പോഴും ഒരു പ്ലാന്‍ ബി കരുതിവയ്ക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ഉപദേശവും വലിയ പ്രോത്സാഹനമാണ് യുതലമുറയ്ക്ക് നല്‍കുന്നത്.