അയർലണ്ടിൽ പുതിയ നിയമനങ്ങൾ നിർത്തിവയ്ക്കാൻ HSE; നഴ്‌സുമാർ സമരത്തിലേക്ക്

പുതിയ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള (recruitment freeze) HSE തീരുമാനത്തിനെതിരെ സമരം ചെയ്‌തേക്കുമെന്ന സൂചനയുമായി Irish Nurses and Midwives Organisation (INMO). നേരത്തെ തീരുമാനിച്ചതിലുമധികം പേരെ ഈ വര്‍ഷം റിക്രൂട്ട് ചെയ്തതായും, അടുത്ത വര്‍ഷം വരെ പുതിയ തൊഴിലാളികളെ നിയമിക്കേണ്ടെന്നും HSE പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് INMO സമരനടപടികളെപ്പറ്റി ആലോചിക്കുന്നത്.

ഈ വര്‍ഷം 1,400 പേരെ നിയമിക്കാനായിരുന്നു HSE-ക്ക് ഫണ്ട് ലഭിച്ചത്. എന്നാല്‍ 1,650 പേരെ പുതുതായി നിയമിച്ചു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ HSE തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആശുപത്രികളിലെ തിരക്ക് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നത് തുടരുകയാണെന്നും, ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്റ്റാഫിനെ നിയമിക്കാതിരിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരുടെയും, രോഗികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും INMO ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളില്‍ കൂടുതല്‍ ബെഡ്ഡുകള്‍ അനുവദിച്ച HSE നടപടിയോട് യോജിക്കുന്നുവെന്നും, എന്നാല്‍ അതിനനുസരിച്ച് ജോലിക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി.

ഇക്കാര്യത്തില്‍ HSE-യോട് ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിച്ചപ്പോള്‍ നിരസിക്കപ്പെട്ടുവെന്നും INMO പറയുന്നു. വര്‍ക്ക്- ടു- റൂള്‍ രീതിയില്‍ സമരം നടത്താനാണ് സംഘടന ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയ ശേഷമാകും സമരം വേണമോ എന്നതില്‍ അന്തിമതീരുമാനമെടുക്കുക. സാധാരണ ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നത് പോലെ അധികസമയം ജോലി ചെയ്യാതെ, കൃത്യ സമയത്ത് ജോലി അവസാനിപ്പിക്കുന്ന രീതിയാണ് വര്‍ക്ക്- ടു-റൂള്‍ സമരം. നേരത്തെ HSE ഈ രീതിയെ വിമര്‍ശിച്ചിരുന്നു.

സമരം നടക്കുകയാണെങ്കില്‍ നഴ്‌സുമാര്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ് ജോലിക്കാരും അതിന്റെ ഭാഗമാകും.

അതേസമയം വിന്റര്‍ സീസണ്‍ എത്തുന്നതോടെ രാജ്യത്തെ ആശുപത്രികളില്‍ രോഗികള്‍ നിറയുമെന്ന് INMO നേരത്തെ HSE-ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ ശരിവയ്ക്കും വിധം Respiratory Syncytial Virus (RSV) ബാധ കാരണം Temple Street, Crumlin, Tallaght ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലുകളിലെത്തുന്ന കുട്ടികളുടെ എണ്ണം ഈയിടെ കുത്തനെ ഉയര്‍ന്നതായി Children’s Health Ireland-ന്റെ ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടും വ്യക്തമാക്കിയിട്ടുണ്ട്.

HSE റിക്രൂട്ട് ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഈയിടെ ഉണ്ടായിട്ടുണ്ടെങ്കിലും, രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇതിന് സാധിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: