അയർലണ്ടിൽ ഏരിസ് കാരണം കോവിഡ് കേസുകൾ ഉയരുന്നു; വീണ്ടും വാക്സിനേഷൻ

അയര്‍ലണ്ടില്‍ കോവിഡ്-19 കേസുകള്‍ ഉയരുന്നു. കൊറോണയുടെ പുതിയ വേരിയന്റായ ഏരിസ് ആണ് കേസുകള്‍ ഇത്രയധികം കൂടാനുള്ള പ്രധാനകാരണം. മറ്റുള്ള വേരിയന്റുകളെ അപേക്ഷിച്ച് പ്രസരണശേഷി വളരെ കൂടുതലാണ് ഏരിസിന്.

കോവിഡ് പരിശോധന പോസിറ്റീവ് ആയവര്‍ ലക്ഷണങ്ങള്‍ ശരിയായി കുറയുന്നത് വരെ 48 മണിക്കൂര്‍ നേരത്തെക്കെങ്കിലും വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്ന നിര്‍ദേശം നല്‍കിവരുന്നുണ്ട്.

കഴിഞ്ഞ വേരിയന്റുകള്‍ക്ക് ഉണ്ടായിരുന്ന അതെ ലക്ഷണങ്ങള്‍ തന്നെയാണ് ഏരിസിനും കണ്ട് വരുന്നത്.

·         ചുമ

·         തൊണ്ട വേദന

·         മൂക്കൊലിപ്പ്

·         പനി

·         തലവേദന

·         ക്ഷീണം

·         ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്

എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.

ഇത് അപ്രതീക്ഷിതമായ ഒന്നല്ല എന്നും, വൈറസിന്റെ സ്വഭാവത്തില്‍ പെട്ടതാണ് ഈ മാറ്റങ്ങള്‍ എന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ബ്രെഡ സ്മിത്ത് പറഞ്ഞു. അയര്‍ലണ്ടില്‍ വളരെ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് തന്നെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൈറസിനെ ചെറുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ജനങ്ങള്‍ എടുക്കണമെന്നും, ഇടക്കിടക്ക് കൈകള്‍ വൃത്തിയായി കഴുകുകയും ചുമക്കുമ്പോള്‍ കൈമുട്ടുകള്‍ കൊണ്ട് മറച്ച് പിടിച്ച് ചുമക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 15 വരെ ഉള്ള കണക്കുകള്‍ പ്രകാരം 305 കേസുകളാണ് PCR ടെസ്റ്റ് വഴി പോസിറ്റീവ് ആയി റിപ്പോര്‍ട്ട് വന്നത്. 488 കേസുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ ചെയ്ത് പോസിറ്റീവ് ആയിട്ടുണ്ട്. ഓഗസ്റ്റ് 12-നും 18-നും ഇടയില്‍ 4,403 ടെസ്റ്റുകള്‍ നടന്നതില്‍ 18.1% കേസുകള്‍ പോസിറ്റീവ് ആയാണ് കാണിക്കുന്നത്. കൂടാതെ 20 കോവിഡ് മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  

അയര്‍ലണ്ടിലെ കൊറോണ വാക്സിനേഷന്‍ ഈ ജൂണില്‍ നിര്‍ത്തിവച്ചിരുന്നു. കൃത്യമായ മാര്‍ഗനിർദ്ദേശങ്ങളോടെ ഈ ശരത്ക്കാലത്ത് വാക്സിനേഷൻ പുനരാരംഭിക്കും. 50 വയസ്സിന് മുകളിലുള്ളവര്‍ക്കും, പ്രതിരോധശേഷി ദുര്‍ബലമായിട്ടുള്ള 5 അല്ലെങ്കില്‍ അതില്‍ പ്രായം കൂടുതലുള്ള കുട്ടികള്‍ക്കും, കൊവിഡ്-19 കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ളവര്‍ക്കുമാകും പുതിയ മാര്‍ഗരേഖ പ്രകാരം വാക്സിന്‍ ലഭ്യമാകുക. യു.കെയില്‍ നിർത്തിവച്ച് വാക്സിനേഷനും ഈ ശരത്കാലത്തോടെ പുനരാരംഭിക്കും.

യൂറോപ്യന്‍ യൂണിയന്റെ അറിയിപ്പിനെ തുടര്‍ന്നാണ്‌ വാക്സിനേഷന്‍ പുനരാരംഭിക്കുന്നത് എന്നും, എന്നാല്‍ ഇത് നടപ്പിലാക്കുന്നത് ദേശീയ വാക്സിന്‍ പ്രോഗ്രാമിന്റെ ഭാഗമായാണെന്നും അയര്‍ലൻണ്ട് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം എന്ന ഉദ്ദേശത്തോടെ പുനരാരംഭിക്കുന്ന വാക്സിന്‍ വിതരണം സ്വകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാകില്ല എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: